സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ മരണം; ബന്ധുക്കൾ പൊലീസിൽ പരാതി നൽകി



എഴുകോൺ സ്വകാര്യ ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ ജീവനക്കാരൻ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നെടുമൺകാവ് കുടിക്കോട് പടിഞ്ഞാറ്റേവിള വീട്ടിൽ വിഘ്നേഷ് ബാബു (21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ബാബുവാണ് റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. ആലപ്പുഴ പഴവീട് പിഎംസി ആശുപത്രിയിലെ കാന്റീനോടു ചേർന്ന കെട്ടിടത്തിലെ മുറിയിലാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മൂന്നുമാസം മുമ്പാണ് വിഘ്നേഷ് ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിയ്ക്ക് കയറിയത്.  മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വിഘ്നേഷിന് ജോലി സമ്മർദം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ജോലിയിൽനിന്ന് മാനേജ്മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ റിസോർട്ടിലേക്ക് വിഘ്നേഷിനെ മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രാത്രി 11ന് ആശുപത്രിയിലെ ഒരു ഡോക്ടറും വിഘ്നേഷിനെ ഫോണിൽ വിളിച്ചിരുന്നു. തൂങ്ങി മരിച്ച മുറിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. മരണം നടന്നശേഷം ആശുപത്രി മാനേജ്മെന്റ് ഇതുവരെയും വീട്ടിൽ വരികയോ വിവരം അന്വേഷിക്കുകയോ ചെയ്തില്ല. മരിച്ച ദിവസം രാത്രി 12.30വരെയും വിഘ്നേഷ് വാട്സാപ് ഓൺലൈനിൽ ഉണ്ടായിരുന്നെന്നും ഒരിക്കലും തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നും പരാതിയിൽ പറയുന്നു.   Read on deshabhimani.com

Related News