ഒരുവീട്ടിലെ 9 ആടുകൾ ചത്തു

-ആട് കൂട്ടത്തോടെ വിഷം ഉള്ളിൽ ചെന്ന് മരിച്ചത് വെറ്റിനറി ഡോക്ടറും 
പോലീസും പരിശോധന നടത്തുന്നു


അഞ്ചൽ  ഏരൂരിൽ ഒരുവീട്ടിൽ വളർത്തിയ ഒമ്പത്‌ ആടുകൾ ഒന്നിനു പിറകെ ഒന്നായി ചത്തു. ഏരൂർ വെള്ളടിക്കുന്ന് ചരുവിളവീട്ടിൽ മോഹനന്റെയും ഷീജയുടെയും ആടുകളാണ് കൂട്ടിൽ ചത്തുവീണത്‌. ഞായറാഴ്ച തൊട്ടടുത്ത പുരയിടത്തിൽ പതിവുപോലെ മേയാനായി കെട്ടിയിരുന്നു. വൈകുന്നേരം തിരികെ കൂട്ടിൽ എത്തിയശേഷമാണ് ആടുകളിൽ വല്ലായ്മ കണ്ടുതുടങ്ങിയത്.  തിങ്കളാഴ്ച രാവിലെ മൃഗാശുപത്രിയിലെത്തി വിവരം ധരിപ്പിച്ചു. ഡോക്ടർ ഇല്ലാത്തതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി നൽകിയ മരുന്ന് ആടുകൾക്ക് നൽകി. വൈകുന്നേരം ഒരു ആട് ചത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡോക്ടർ വീട്ടിലെത്തി ആടുകളെ പരിശോധിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണം കണ്ടതിനെ തുടർന്ന് മരുന്ന് നൽകിയെങ്കിലും രാത്രിയിൽ നാല്‌ വലിയ ആടുകളും 3 ചെറിയആടുകളും കൂടി ചത്തു.  വൈകുന്നേരത്തോടെ പുനലൂരിൽനിന്ന്‌ വെറ്ററിനറി സർജനെത്തി പോസ്റ്റ്‌മോർട്ടം നടത്തി.  ആഹാരത്തിൽ വിഷം കലർന്നതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്‌. ഏരൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ആടു വളർത്തി ഉപജീവനം നടത്തിയിരുന്ന കർഷകനെ സഹായിക്കാനായി ഏരൂർ പഞ്ചായത്ത് 25,000 രൂപയുടെ അഞ്ച്‌ ആടുകൾ മോഹനന് അനുവദിക്കുമെന്ന്‌ പ്രസിഡന്റ്‌ ടി അജയൻ പറഞ്ഞു. Read on deshabhimani.com

Related News