റേഷൻ വെട്ടിച്ചാൽ 
സോഫ്‌റ്റ്‌വെയർ പിടിക്കും



കൊല്ലം റേഷൻ ഭക്ഷ്യധാന്യനീക്കം തത്സമയം നിരീക്ഷിക്കാനുള്ള പദ്ധതി ജില്ലയിൽ അന്തിമഘട്ടത്തിൽ. റേഷ‍ൻ ധാന്യങ്ങൾ വ്യാപകമായി തിരിമറി നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കൂടുതൽ സുരക്ഷിതവും സുതാര്യവുമായി ഭക്ഷ്യധാന്യം റേഷൻ കടകളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. ഭക്ഷ്യധാന്യങ്ങളുമായി പോകുന്ന വാഹനങ്ങളുടെ ജിപിഎസ്, വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വിടിഎഫ്എംഎസ്) എന്ന സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എഫ്സിഐ ഗോഡൗണിൽനിന്ന് എ‍ൻഎഫ്എസ്എ ഗോഡൗണിലേക്കുള്ള വഴികളുടെ റൂട്ട് മാപ്പ്‌ തയ്യാറാക്കി സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്തു. എൻഎഫ്എസ്എ ഗോഡൗണിൽനിന്ന് ജില്ലയിലെ 1498 റേഷൻ കടകളിലേക്കുള്ള റൂട്ട് മാപ്പാണ് നിർണയിച്ച്‌ നൽകിയിട്ടുള്ളത്.   ഇത്രയും റേഷൻകടകളിലേക്കുള്ള റൂട്ട് മാപ്പ് സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കുന്ന നടപടി അവസാനഘട്ടത്തിലാണ്‌. ഇതു പൂർത്തിയാകുന്നതോടെ റേഷൻധാന്യം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ജിപിഎസ് ഈ സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കും.  അതോടെ എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ എൻഎഫ്എസ്എ ഗോഡൗണിലേക്കും എൻഎഫ്എസ്എ ഗോഡൗണിൽനിന്ന്‌ റേഷൻകടകളിലേക്കും ചരക്കുമായി പോകുന്ന വാഹനങ്ങളെ തത്സമയം നിരീക്ഷിക്കാൻ കഴിയും. 3000വാഹനങ്ങളാണ്‌ ജില്ലയിൽ ഭക്ഷ്യധാന്യ നീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത്‌.  വാഹനങ്ങൾ സ്ഥിരംവഴിയിൽനിന്ന് വ്യതിചലിച്ച് പോകുകയോ വഴിയിൽ നിർത്തുകയോ സ്വകാര്യ ഗോഡൗണിലേക്കോ മറ്റോ പോകുകയോ മറ്റ് വാഹനങ്ങളിലേക്ക് അരി കടത്തുകയോ ചെയ്താൽ സോഫ്റ്റ്‌വെയർ സഹായത്തോടെ മനസ്സിലാക്കാൻ സാധിക്കും. എൻഎഫ്‌എസ്‌എ ഗോഡൗണിൽനിന്നുള്ള വാഹനം വ്യതിചലിച്ചാൽ ആദ്യ അലർട്ട്‌ റേഷനിങ്‌ ഇൻസ്‌പെക്ടർമാർ, താലൂക്ക്‌ സപ്ലൈ ഓഫീസർ എന്നിവർക്ക്‌ ലഭിക്കും. എഫ്‌സിഐ ഗോഡൗണിൽനിന്നുള്ള വാഹനം ഗതിമാറിയാൽ  വിവരം ലഭിക്കുക ജില്ലാ സപ്ലൈ ഓഫീസർക്കും സിവിൽ സപ്ലൈസ്‌ കമീഷണർക്കുമാണ്‌. സംസ്ഥാനത്ത്‌ പദ്ധതിയുടെ ആദ്യ പരീക്ഷണം  നടപ്പാക്കിയ തൃശൂരിൽ വിജയകരമായതോടെയാണ്‌ എല്ലാ ജില്ലകളിലും നടപ്പാക്കുന്നത്‌. Read on deshabhimani.com

Related News