ചാരായ വില്‍പ്പന: ബിജെപി പ്രവർത്തകനും കൂട്ടാളിയും അറസ്റ്റിൽ



കൊട്ടിയം ലോക്ക്‌ഡൗൺ സാഹചര്യം മുതലെടുത്ത്‌ ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. പുലിയില തെറ്റിക്കുന്ന് ക്ഷേത്രസമീപം പുത്തൻപുരവീട്ടിൽ (അജയഭവൻ) ആരോമൽ (35), ഇയാളുടെ കൂട്ടാളിയും ചേർത്തല സ്വദേശിയുമായ സജി (40) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ്‌ അറസ്റ്റുചെയ്തത്‌. ആരോമൽ പ്രദേശത്തെ സജീവ ബിജെപി–- ആർഎസ്എസ് പ്രവർത്തകനാണ്.  നെടുമ്പന നോർത്ത് മേഖലയിലെ പുലിയില ത്രിവേണി ജങ്‌ഷനിൽ വൻതോതിൽ ചാരായ വില്‍പ്പന നടക്കുന്ന വിവരം നാട്ടുകാരാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതികളിൽനിന്ന് രണ്ട് കുപ്പി ചാരായവും 4770 രൂപയും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊര്‍ജിതമാക്കി.   മദ്യവില്‍പ്പനശാലകൾ പൂട്ടിയ സാഹചര്യം മുതലെടുത്ത് ഉൾപ്രദേശങ്ങളിൽ വൻതോതിൽ വില്‍പ്പനയ്ക്കുള്ള പദ്ധതിയാണ് പ്രതികൾ തയ്യാറാക്കിയത്. ചാരായം നിർമിക്കുന്നതിനായി നെടുമ്പന പഞ്ചായത്തിനു പുറത്ത് സൗകര്യം കണ്ടെത്തിയതായി പൊലീസ് സംശയിക്കുന്നു. പൊലീസ് വാഹനത്തിനു പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത പ്രദേശത്തുവച്ച് ചാരായം നിർമിച്ചു വില്‍പ്പന നടത്തിയതിന്റെ ആദ്യ വിജയം ആഘോഷിക്കുന്നതിനിടെയാണ്‌  റെയ്‌ഡ്‌. കണ്ണനല്ലൂർ എസ്എച്ച്ഒയ്ക്കു പുറമെ എസ്ഐമാരായ നിയാസ്, സുന്ദരേശൻ, സിപിഒമാരായ അഭിലാഷ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പ്രതികളെ കൊട്ടാരക്കര സബ് - ജയിലിൽ റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News