വായ്‌പാ നിഷേധം : കണക്കിൽ 
വിശദാംശങ്ങൾ തേടും



തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ വായ്‌പാ പരിധി നിശ്ചയിച്ചത്‌ സംബന്ധിച്ച കണക്കുകളുടെ വിശാദാംശങ്ങൾ തേടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.  മുൻവർഷങ്ങളിൽ കേന്ദ്രം വായ്‌പാ പരിധി നിശ്ചയിച്ച്‌ അറിയിക്കുമ്പോൾ, അത്‌ കണക്കുകൂട്ടുന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കിയിരുന്നു. ഇത്തവണ കണക്കുകൾ വ്യക്തമാക്കാതെ വായ്‌പാ പരിധി വലിയതോതിൽ വെട്ടിക്കുറച്ചുള്ള കത്തു മാത്രമാണ്‌ ലഭിച്ചത്‌. ഈ കത്ത്‌ അവ്യക്തവുമാണ്‌. കത്തിന്റെ ആദ്യഭാഗത്ത്‌ സാമ്പത്തിക വർഷത്തേക്കുള്ള കടമെടുപ്പ്‌ പരിധി എന്നുപറയുന്നു. മറ്റൊരു ഭാഗത്ത്‌ ഒമ്പതു മാസത്തേക്ക്‌ വായ്‌പ എടുക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.  കാര്യഗൗരവമില്ലാതെ തയ്യാറാക്കിയതാണ്‌ കത്തെന്ന്‌ വ്യക്തം. വായ്പാ പരിധി വെട്ടിക്കുറച്ചതിന്റെ കാരണമെന്തെന്ന്‌ വ്യക്തമായാൽ മാത്രമേ സംസ്ഥാനത്തിന്‌ തുടർനടപടികൾ ആലോചിക്കാനാകൂ. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാനം വായ്‌പാനുമതി തേടിയത്‌. അത്‌ കേന്ദ്രത്തിന്‌ സമർപ്പിച്ചിട്ടുമുണ്ട്‌.  സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉൽപ്പാദനം 10,81,412 കോടി രൂപയായാണ്‌ കേന്ദ്രം നിശ്ചയിച്ചത്‌. ഇതനുസരിച്ച്‌ കടപ്പത്രത്തിലൂടെ 32,440 കോടി രൂപ വായ്‌പ എടുക്കാമെന്ന്‌ മാർച്ചിൽ അറിയിച്ചിരുന്നു. ഈ അറിയിപ്പ്‌ ലഭിക്കുന്നതിനുമുമ്പേ തയ്യാറാക്കിയ ബജറ്റ്‌ കണക്കിൽ പൊതുവിപണിയിൽനിന്നുള്ള വായ്‌പയായി ഉൾപ്പെടുത്തിയത്‌ 28,553 കോടി രൂപയും. ഇത്‌ 15,390 കോടി രൂപയായി കുറയ്‌ക്കുകയാണെങ്കിൽ ബജറ്റ്‌ ലക്ഷ്യങ്ങളെയെല്ലാം ബാധിക്കും. ഉന്നതതല യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ, ധന, ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിമാരായ ബിശ്വനാഥ്‌ സിൻഹ, ഡോ. വി വേണു, മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, സ്‌പെഷ്യൽ ഓഫീസർ ആർ മോഹൻ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News