ഇതെന്ത്‌ പ്രതിഷേധം
കോൺഗ്രസേ...



കൊച്ചി ഇതെന്ത്‌ പ്രതിഷേധം കോൺഗ്രസേ എന്നാണ്‌ ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം കൊച്ചി കോർപറേഷനിൽ അവരുടെ അമിതാവേശം കാണുമ്പോൾ മുതിർന്ന കൗൺസിലർമാരുടെ ചോദ്യം. പ്രതിപക്ഷത്ത്‌ ആര്‌ ഇരുന്നാലും നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു നിഷേധസമീപനം ഉണ്ടായിട്ടില്ലെന്ന്‌ മേയറും സാക്ഷ്യപ്പെടുത്തുന്നു. ബജറ്റ്‌ രൂപീകരണത്തിന്റെ ഭാഗമായുള്ള വികസനസെമിനാർ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌കരിച്ചു. ബജറ്റ്‌ അവതരണവും ചർച്ചയും ആദ്യാവസാനം ബഹളമുണ്ടാക്കി അലങ്കോലമാക്കി.  എന്നിട്ട്‌, ചർച്ച ചെയ്യാൻ തങ്ങളെ അനുവദിച്ചില്ലെന്ന്‌ മാധ്യമങ്ങൾക്കുമുന്നിൽ കള്ളം പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിലാണ്‌ പ്രതിഷേധമെങ്കിലും പ്രതിപക്ഷം ആ വിഷയത്തിൽ ചർച്ചയ്‌ക്കില്ല. മേയർ രാജിവയ്‌ക്കണമെന്ന ഒറ്റ അജൻഡയിലാണ്‌ കടിച്ചുതൂങ്ങുന്നത്‌. നഗരഭരണം മുന്നോട്ട്‌ കൊണ്ടുപോകുന്നതിൽ കൗൺസിലിന്റെ പ്രാധാന്യം എന്താണെന്ന്‌ അറിയാത്തതുപോലെയാണ്‌ പ്രതിപക്ഷത്തിന്റെ നടപടികളെന്ന്‌ മേയർ പറഞ്ഞു. ബജറ്റ്‌ നിർദേശങ്ങളിൽ വിയോജിപ്പും തിരുത്തുമൊക്കെയാകാം. അത്‌ ചർച്ചയിൽ ഉന്നയിക്കണം. അതിനുശേഷം രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള പ്രതിഷേധമാകാം. ബജറ്റിന്റെ അഭാവത്തിൽ നഗരത്തിന്റെ പദ്ധതികളാകെ മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ നഗരജീവിതമാകെ പ്രതിസന്ധിയിലാകും. ഇതിനുള്ള നീക്കമാണ്‌ പ്രതിപക്ഷം നടത്തുന്നതെന്നും മേയർ പറഞ്ഞു. ചർച്ചകൾക്ക്‌ വഴങ്ങാതെ നഗരഭരണവും കൗൺസിലും തടസ്സപ്പെടുത്തുക എന്ന രാഷ്‌ട്രീയതീരുമാനത്തിലാണ്‌ യുഡിഎഫ്‌. പ്രതിപക്ഷനേതാവിനെ ബന്ധപ്പെടാൻ മേയർ പലവട്ടം ശ്രമിച്ചെങ്കിലും അദ്ദേഹം അതിന്‌ തയ്യാറല്ല. കോൺഗ്രസ്‌ ഉൾപ്പെടെ പ്രതിപക്ഷ പാർടി നേതാക്കളും ഒഴിഞ്ഞുനിൽക്കുന്നു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷം അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്‌ തയ്യാറാകുന്നില്ല. 2010 മുതലുള്ള 10 വർഷത്തെ യുഡിഎഫ്‌ കൗൺസിലുകളുടെ വൻ വീഴ്‌ചകളെ മറയ്‌ക്കാനുള്ള നീക്കമാണ്‌ യുഡിഎഫ്‌ നടത്തുന്നത്‌. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട 2011 മുതലുള്ള എല്ലാ കരാറുകളും വിജിലൻസ്‌ അന്വേഷണത്തിന്‌ വിട്ടതും പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ഈ സാഹചര്യത്തിൽ, രണ്ടുവർഷംമുമ്പുമാത്രം അധികാരത്തിലെത്തിയ എൽഡിഎഫ്‌ കൗൺസിലിനെ പുകമറയിൽ നിർത്തുകയല്ലാതെ പ്രതിപക്ഷത്തിനുമുന്നിൽ വേറെ വഴിയില്ല. Read on deshabhimani.com

Related News