മേപ്പയൂരിൽനിന്ന് കാണാതായ 
ദീപക്കിനെ ഗോവയിൽ കണ്ടെത്തി



പേരാമ്പ്ര ഏഴുമാസങ്ങൾക്കുമുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത് കണ്ടി ദീപക്കി(36)നെ ഗോവ പനാജിയിൽ കണ്ടെത്തി. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലാണ്‌ ഇയാളെ കണ്ടെത്താനായത്‌.  പനാജിയിൽ ലോഡ്ജിൽ താമസിക്കുകയായിരുന്ന ദീപക്‌ ഗോവ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ആധാർ കാർഡ് കണ്ടതോടെയാണ് ദീപക് ആണെന്ന് സ്ഥിരീകരിച്ചത്. ദീപക്കിനെ കൊണ്ടുവരാനായി അഞ്ചംഗസംഘം ഗോവയിലേക്ക് തിരിച്ചതായി ഡിവൈഎസ്‌പി പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ഗൾഫിൽനിന്നെത്തിയ ഇയാൾ ചിലരിൽനിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ജൂൺ ഏഴിനാണ് വീട്ടിൽനിന്നിറങ്ങിയത്. എറണാകുളത്ത്‌ പോകുന്നുവെന്നാണ്‌ പറഞ്ഞത്‌.   ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ അമ്മ ശ്രീലത മേപ്പയൂർ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ ജൂലൈ 17ന് കടലൂർ കോടിക്കൽ കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടതായി വാർത്ത പരന്നു. മേപ്പയൂർ പൊലീസിനൊപ്പം സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം ദീപക്കിന്റേതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കുകയുമുണ്ടായി. എന്നാൽ പിന്നീടാണ്‌  മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ  കണ്ടെത്തുന്നത്. തുടർന്ന്‌ ദീപക്കിന്റെ വീട്ടിലെത്തി ചിതയിൽനിന്ന് ശേഖരിച്ച അസ്ഥിക്കഷണങ്ങളും മറ്റും ഇർഷാദിന്റെ  ബന്ധുക്കൾ ഏറ്റുവാങ്ങി പന്തിരിക്കര ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. തുടർന്നാണ് ദീപക്കിന്റെ അമ്മ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ടി പി രാമകൃഷ്ണൻ എംഎൽഎക്ക് നിവേദനം നൽകുന്നത്. കേസന്വേഷണം പ്രത്യേക സംഘത്തിന്‌ കൈമാറിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്‌. Read on deshabhimani.com

Related News