ആദിവാസി മേഖലയിൽ സമ്പുഷ്‌ടീകരിച്ച അരിയുടെ വിതരണം ; അഭിപ്രായം തേടാൻ വിദഗ്ധ സമിതി



തിരുവനന്തപുരം സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ഇരുമ്പ്‌ അടങ്ങിയ സമ്പുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നതതിന്‌  അഭിപ്രായം തേടാൻ ആരോഗ്യവകുപ്പ്‌ വിദഗ്ധസമിതി രൂപീകരിച്ചു.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ ഒമ്പതംഗ സമിതിയാണ്‌ രൂപീകരിച്ചത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആരോഗ്യവകുപ്പിന്‌ നിവേദനം നൽകിയിരുന്നു. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സമ്പുഷ്‌ടീകരിച്ച ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനാണ്‌ സർക്കാർ തീരുമാനം.  പൊതുവിതരണ സംവിധാനം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ സഹായത്തോടെയാകും ഇത്‌. ആദിവാസി മേഖലയിൽ സിക്കിൾ സെൽ അനീമിയയുടെയും തലാസീമിയയുടെയും സ്ഥിരീകരണം ഉണ്ടായ സാഹചര്യത്തിൽ പോഷകാഹാര ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അധിക ഉപഭോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നും വിദഗ്ധ സമിതി പരിശോധിക്കും. ചർച്ചയും പഠനവും നടത്തി ഒരു മാസത്തിനകം അഭിപ്രായം അറിയിക്കണമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ ഉത്തരവ്‌. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ സമിതി -കൺവീനറാകും. ഡോ. എസ്‌ ശ്രീനാഥ്, ഡോ. എം ഫിറോസ്, ഡോ. യു അനൂജ, ഡോ. ശ്രീകണ്ഠൻ, ഡോ. അജിത് കൃഷ്ണൻ, ഡോ. സീജ തോമാച്ചൻ പഞ്ഞിക്കാരൻ, ഡോ. അനിത മോഹൻ എന്നിവരാണ്‌ അംഗങ്ങൾ. Read on deshabhimani.com

Related News