എല്‍ഡിഎഫിനെതിരെ അവിശ്വാസം ; കോണ്‍​ഗ്രസ് പിന്തുണച്ചില്ല; 
പരാജയപ്പെട്ട് ബിജെപി

എൽഡിഎഫ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ 
രമ സന്തോഷ് സംസാരിക്കുന്നു


തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നഗരസഭയിൽ വികസനമുരടിപ്പ് എന്ന്‌ ആരോപിച്ചാണ് ബിജെപി അവിശ്വാസപ്രമേയനോട്ടീസ് നൽകിയത്. തിങ്കളാഴ്ച റീജണൽ ജോയി​ന്റ് ഡയറക്ടർ അരുൺ രംഗ​ന്റെ അധ്യക്ഷതയിൽ അവിശ്വാസപ്രമേയചർച്ചയ്ക്കായി കൗൺസിൽ യോഗം ചേർന്നപ്പോൾ 49 അംഗ മുനിസിപ്പൽ കൗൺസിലിലെ 17 ബിജെപി അംഗങ്ങളും എട്ട്‌ കോൺഗ്രസ് അംഗങ്ങളും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. എൽഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്ര അംഗവും യോഗത്തിൽനിന്ന് വിട്ടുനിന്നു. അവിശ്വാസപ്രമേയചർച്ചയ്‌ക്കായി യോഗം ആരംഭിച്ചതോടെ ഗാന്ധിഘാതകർക്കൊപ്പം അവിശ്വാസപ്രമേയചർച്ചയ്‌ക്കായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് കോൺഗ്രസിന്റെ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതോടെയാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. നഗരസഭയിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഡിവിഷനിലും നടത്തുന്ന വികസനം തടസ്സപ്പെടുത്താനും ഭരണം അട്ടിമറിക്കാനുമുള്ള ബിജെപിയുടെ നീക്കമാണ് അവിശ്വാസപ്രമേയത്തിനു പിന്നിലെന്ന് ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. നഗരസഭാകവാടത്തിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ യു കെ പീതാംബരൻ, സി എ ബെന്നി, ജയ പരമേശ്വരൻ, കെ ടി അഖിൽദാസ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News