വികസനത്തിന്റെ 
വഴി മുടക്കരുത്‌ ; വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ തുറന്ന്‌ സെമിനാർ



തിരുവനന്തപുരം    ‘വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ചാൽ ആർക്കാണ്‌ നേട്ടം?’ ‘വലിയ സാമ്പത്തികനഷ്ടത്തിന്‌ ആരാണ്‌ ഉത്തരവാദി?’ ‘സമുദ്ര വാണിജ്യ വികസനത്തിന്റെ വഴി മുടക്കണോ?’ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡ്‌ സംഘടിപ്പിച്ച സെമിനാറിലുയർന്നത്‌  തീരത്തോടടുക്കുന്ന പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ മറുപടി പറയേണ്ട ഒരുപിടി ചോദ്യങ്ങൾ. തുറമുഖ നിർമാണത്തിനെതിരെ സമരസമിതി പറയുന്ന കാര്യങ്ങളിലെ യുക്തിരാഹിത്യം ശാസ്ത്രീയമായും വസ്തുതാപരമായും തുറന്നുകാണിക്കുകയായിരുന്നു സെമിനാർ. അക്രമസമരത്തിലൂടെ ഉയർത്തിവിടുന്ന ആശങ്കകളെ ദുരീകരിക്കുന്നതായിരുന്നു പാനൽ ഡിസ്‌കഷനിലുയർന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടിയും. തീരശോഷണം, തീരപരിപോഷണം തുടങ്ങിയ പ്രക്രിയകളെക്കുറിച്ച്‌ വ്യക്തമായ അറിവില്ലാതെയാണ്‌ പലരും തുറമുഖ നിർമാണമാണ്‌ ഇവയ്‌ക്ക്‌ കാരണമാകുന്നതായി കുറ്റപ്പെടുത്തുന്നതെന്നാണ്‌ സെമിനാറിന്റെ പൊതു അഭിപ്രായം. തീരശോഷണം 
പുലിമുട്ട്‌  വഴിയോ പുലിമുട്ട്‌ നിർമിക്കുന്നതിലൂടെ പത്ത്‌ മുതൽ 30 കിലോമീറ്റർ വരെ ദൂരെ സ്ഥിതി ചെയ്യുന്ന വടക്കൻ തീരങ്ങളിലോ തെക്കൻ തീരങ്ങളിലോ എന്തെങ്കിലും പ്രതിഭാസമുണ്ടാക്കുമെന്ന ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണ്‌. പുലിമുട്ട്‌ നിർമാണംകൊണ്ട്‌ തീരശോഷണമുണ്ടാകുമെങ്കിൽ അത്‌ പുലിമുട്ടിന്റെ ഏറ്റവുമടുത്ത തീരങ്ങളിലാണ്‌ കാണുക. ദൂരം വർധിക്കുന്നതനുസരിച്ച്‌ കുറയും. കാരണം തുറമുഖ 
നിർമാണമോ പദ്ധതി പ്രദേശത്തിന്റെ തെക്ക്‌, വടക്ക്‌ തീരങ്ങൾ നേർരേഖയിലുള്ള തീരങ്ങളായിരിക്കെ നിർദിഷ്ട തുറമുഖം ഉൾപ്പെടുന്ന ആഴിമല മുനമ്പ്‌ മുതൽ കോവളം മുനമ്പ്‌ വരെയുള്ള പ്രദേശം ആകാശത്തേക്ക്‌ വളഞ്ഞ രീതിയിലാണ്‌. ഇവിടെ നടക്കുന്ന മണൽ നീക്കം സമീപ തീരങ്ങളിൽ ഒരു മാറ്റത്തിനും കാരണമാകില്ല. നേർരേഖയിലുള്ള തീരത്താണ്‌ മണൽനീക്കം നടക്കുന്നതെങ്കിലേ പ്രതിഭാസങ്ങൾക്ക്‌ കാരണമാകൂ. വിഴിഞ്ഞത്തുനിന്ന്‌  13 മുതൽ 15 കിലോമീറ്റർവരെ മാറിയാണ്‌ വലിയതുറ, ശംഖുംമുഖം തീരങ്ങൾ. തുറമുഖ നിർമാണംമൂലം തീരശോഷണമുണ്ടാകണമെങ്കിൽ കോവളത്താണ്‌ ആദ്യം ഇത്‌ വെളിപ്പെടുക. എന്നാൽ, അതുണ്ടായിട്ടില്ല. തുറമുഖ നിർമാണം ആരംഭിക്കുംമുമ്പേ ശംഖുംമുഖത്തും വേളിയിലും വലിയതുറയിലും തീരശോഷണമുണ്ടായതായി റിപ്പോർട്ടുകളുണ്ടെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. വിഐഎസ്‌എൽ ടെക്‌നിക്കൽ ജനറൽ മാനേജർ ഡോ. സന്തോഷ്‌ സത്യപാൽ, വിഐഎസ്‌എൽ പാരിസ്ഥിതിക ജനറൽ മാനേജർ പ്രസാദ്‌ കുര്യൻ, എൻഐഒടിയിലെ മുൻ ശാസ്ത്രഞ്ജൻ പി ആർ രാജേഷ്‌, എൻഐഒ ഓഷ്യൻ എൻജിനിയറിങ്‌ വിഭാഗം തലവനായിരുന്ന ഡോ. പി ചന്ദ്രമോഹൻ, മറൈൻ ജിയോ സയൻസ്‌ നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്റ്റഡീസിലെ ശാസ്ത്രജ്ഞ ഡോ. എൽ ഷീല നായർ, മദ്രാസ്‌ ഐഐടിയില ഓഷ്യൽ എൻജിനിയറിങ്‌ വിഭാഗം തലവൻ ഡോ. എസ്‌ എ സന്നസിരാജ്‌, ഖൊരക്‌പുർ ഐഐടിയിലെ ഡോ. പ്രസാദ്‌കുമാർ ഭാസ്കരൻ, എൻവിയോൺമെന്റ്‌ സോഷ്യൽ ആൻഡ്‌ ഗവേണൻസ്‌ സ്പെഷ്യലിസ്റ്റ്‌ സി വി സുന്ദരരാജൻ എന്നിവർ സംസാരിച്ചു. പാനൽ ഡിസ്കഷനിൽ മുൻ അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ ബാലകൃഷ്‌ണൻ മോഡറേറ്ററായി.   Read on deshabhimani.com

Related News