സംസ്ഥാന സ്‌കൂള്‍ കായികോത്സവം : മാറ്റുരയ്ക്കുന്നത് 3050 താരങ്ങൾ, 
രാത്രിയും പകലും മത്സരം ; അടിമുടി ഹൈടെക്



തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മാറ്റുരയ്‌ക്കുക 3050 കൗമാര കായികതാരങ്ങൾ. കേരള സ്‌കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി പകലും രാത്രിയുമായാണ് മത്സരങ്ങൾ. മൂന്നുമുതൽ ആറുവരെ ചന്ദ്രശേഖരൻ നായർ  സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ.  മൂന്നിന്‌ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. ആറിന്‌ സമ്മാനദാനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 86 വ്യക്തിഗത ഇനവും രണ്ട് ക്രോസ് കൺട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരവും ഉൾപ്പെടെ 98 ഇനത്തിലാണ് മത്സരം. ഉച്ചവെയിലിന്റെ കാഠിന്യത്തിൽനിന്ന്‌ കായികതാരങ്ങൾക്ക് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെയും രാത്രിയുമായി മത്സരങ്ങൾ ഭൂരിഭാഗവും ക്രമീകരിച്ചത്. സ്‌പ്രിന്റ്‌ ഇനങ്ങളുടെ ഫൈനലുകൾ രാത്രിയായിരിക്കും. ട്രാക്ക് ഇവന്റുകൾ രാവിലെ 6.30ന് ആരംഭിച്ച് പകൽ 11ന്‌ അവസാനിക്കും. പിന്നീട്‌ വൈകിട്ട്‌ മൂന്നിന് ആരംഭിച്ച് രാത്രി 8.30ന് തീരും. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻ നായർ സിന്തറ്റിക് സ്‌റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമാണ് നടക്കുക. അടിമുടി ഹൈടെക് ദേശീയ ഗെയിംസിൽ ഫലനിർണയത്തിന്‌ ഉപയോഗിക്കുന്ന അത്യാധുനിക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താൻ ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്റ് (ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ  വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകളുടെ സാങ്കേതിക സഹായമുണ്ടാകും. Read on deshabhimani.com

Related News