രുചിയുടെ ശിൽപ്പമൊരുക്കി 
അമേരിക്കയുടെ മനം കവർന്നു



കവളങ്ങാട് സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിയും ഫുഡ്‌ കാർവിങ്ങിൽ കഴിവ്‌ തെളിയിച്ചും അമേരിക്കൻ മലയാളികൾക്കിടയിൽ താരമായിരിക്കുകയാണ് പോത്താനിക്കാട് വെട്ടുകല്ലുമാക്കൽ സജിമോൻ വി വാസു. പാചകകലയോടുള്ള ഇഷ്ടംകൊണ്ട് കോതമംഗലം എംഎ കോളേജിലെ പ്രീഡിഗ്രി പഠനശേഷം സജിമോൻ വണ്ടികയറിയത് ബംഗളൂരുവിന്. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച്‌ 1993ൽ എറണാകുളം താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ താൽക്കാലിക ജോലി നേടി. പിന്നീട് 1996-ലാണ് അമേരിക്കയിലെത്തിയത്. ഇപ്പോൾ ന്യൂയോർക്കിൽ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഷെഫാണ്. പുതിയ പാചകപരീക്ഷണങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി അവിടത്തെ ജനമനസ്സുകൾ കീഴടക്കിയിരിക്കുകയാണ് ഇദ്ദേഹം. പഴങ്ങളിലും പച്ചക്കറികളിലും ചീസിലും ഐസിലും ചോക്ലേറ്റിലുമെല്ലാം ജീവൻ തുടിക്കുന്ന മനോഹരശിൽപ്പങ്ങൾ നിർമിച്ച്‌ ഫുഡ്‌ കാർവിങ്ങിലും കഴിവ്‌ തെളിയിച്ചു. അമേരിക്കയിലെ ഷെഫുമാരുടെ സംഘടനയായ അമേരിക്കൻ ക്യുലിനറി ഫെഡറേഷൻ (എസിഎഫ്) നടത്തിയ ഇന്റർനാഷണൽ മത്സരത്തിൽ മികച്ച ഫലവർഗ കൊത്തുപണിക്കാരൻ എന്നനിലയിൽ മൂന്നുതവണ സ്വർണമെഡലും നേടി. ഇതോടെ ഔട്ട്സ്റ്റാൻഡിങ് പെർഫോർമർ കാറ്റഗറിയിൽ ഒ വിസയും അതുവഴി യുഎസ് ഗ്രീൻ കാർഡ് സിറ്റിസൺഷിപ്പും ലഭിച്ചു. അന്തർദേശീയതലത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് കിട്ടുന്ന പ്രത്യേക വിസയാണ് ഔട്ട്സ്റ്റാൻഡിങ്‌ പെർഫോർമർ കാറ്റഗറി വിസ. സ്‌കൂൾ കലോത്സവങ്ങളിൽ കാർട്ടൂൺ, ചിത്രരചനാ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ വിജയം നേടിയിട്ടുണ്ട്. അച്ഛന്റെ പാതയിലൂടെ ചിത്രരചനയിൽ തിളങ്ങാനാണ് മക്കളായ വിഷ്ണുവിന്റെയും വൈഷ്ണവിയുടെയും ആഗ്രഹം. ഭാര്യ മായയും പിന്തുണയുമായി ഒപ്പമുണ്ട്. Read on deshabhimani.com

Related News