ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകൾ സമൂഹത്തിന്റെ മുദ്രാവാക്യമായി മാറി: മുഖ്യമന്ത്രി



തിരുവനന്തപുരം > കടലാസ് പൂവ് നിർമിക്കുന്ന വീഡിയോ പങ്കുവെച്ച് വൈറലായ നാലാം ക്ലാസ് വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാജയങ്ങൾക്ക് മുന്നിൽ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന ഫായിസിൻറെ നിഷ്‌ക്‌ളങ്കമായ വാക്കുകൾ ഒരു സമൂഹത്തിൻറെ തന്നെ മുദ്രാവാക്യമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്ര വലിയ പ്രശ്‌നങ്ങൾക്കു നടുവിലും തളരാതെ മുന്നോട്ടുപോകാൻ ഒരു സമൂഹത്തിൻറെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കുകയും നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഈ ഘട്ടത്തിൽ നമ്മളെല്ലാവരും പരസ്പരം പ്രചോദിപ്പിച്ചേ തീരൂ. ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനിർവചനീയമാണ്. ഫായിസ് തൻറെ ചിന്തകളെ വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തികളിലൂടെ മാതൃക തീർക്കുക കൂടി ചെയ്തിരിക്കുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നു. ഇന്ന് മലപ്പുറം കലക്ടർ അത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. ബാക്കി തുക ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു. ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹികബോധമാണ് ഒരു കൊച്ചുകുട്ടി നമുക്ക് പകർന്നു തന്നത്. ആ പ്രതീക്ഷയും ദയാവായ്പുമാണ് നമ്മെ നയിക്കേണ്ടത്. ഫയാസിനേയും അവനു പിന്തുണ നൽകിയ രക്ഷിതാക്കളേയും ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News