നീറിപ്പുകഞ്ഞ്‌ സക്കാത്ത്, ഹാഗിയ സോഫിയ; പ്രതിക്കൂട്ടിൽ യുഡിഎഫ്‌ രാഷ്‌ട്രീയം



തിരുവനന്തപുരം എം ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തുന്നതിന്‌ തെളിവ്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു‌കണ്ട്‌ തൽക്കാലം വിട്ടയച്ചതും മുസ്ലിംലീഗ്‌ നേതൃത്വം തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ മുൾമുനയിലായതും സക്കാത്ത്‌ പ്രശ്‌നത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ബെന്നി ബെഹ്‌നാൻ കേന്ദ്രത്തിന്‌ കത്തയച്ചതുമൊക്കെയായി യുഡിഎഫ്‌ രാഷ്‌ട്രീയം പ്രതിക്കൂട്ടിലാണിപ്പോൾ. സ്വർണക്കടത്ത്‌ കേസിൽ മുൻ ഐടി സെക്രട്ടറിയുടെ അറസ്‌റ്റ്‌ പ്രതീക്ഷിച്ച്‌ ഉറക്കമിളച്ചിരുന്ന യുഡിഎഫ്‌, ബിജെപി നേതൃത്വത്തിന്‌ എൻഐഎയുടെ നടപടി കനത്ത ആഘാതമായി. ശിവശങ്കറിന്റെ അറസ്‌റ്റും അതിന്‌ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള എൻഐഎയുടെ ഇരച്ചുകയറ്റവും കണ്ണുനട്ടിരുന്നവരുടെ കണക്ക്‌കൂട്ടൽ തെറ്റി. ശിവശങ്കറിനെ കൊച്ചിയിൽ ചോദ്യം ചെയ്യുമ്പോൾ പോലും വാർത്താസമ്മേളനം നടത്തി മനസ്സിലിരിപ്പ്‌ പുറത്തെടുത്ത പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പക്ഷേ, ബുധനാഴ്‌ച ഒന്നും ഉരിയാടിയില്ല. മൂന്നു‌ ദിവസങ്ങളിലായി 24 മണിക്കൂറിലേറെ എൻഐഎ ചോദ്യം ചെയ്‌തിട്ടും ശിവശങ്കറിനെതിരെ തെളിവ്‌ കണ്ടെത്താനായില്ല. സ്വർണക്കടത്ത്‌ കേസിലെ ചില പ്രതികളുമായുള്ള സൗഹൃദം അദ്ദേഹത്തെ പ്രതിചേർക്കാൻ തക്ക കഴമ്പുളളതല്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഈ കേസ്‌ ഉയർത്തി കോൺഗ്രസും ബിജെപിയും പടച്ചുവിട്ട കല്ലുവച്ച നുണകൾ ഇതോടെ തകർന്നടിഞ്ഞു. കോൺഗ്രസും ബിജെപിയും ഈ കേസിൽ നടത്തിയ ഒത്തുകളിയും‌ വെളിച്ചത്തായി‌. കോൺഗ്രസ്‌, ബിജെപി കൂട്ടുകെട്ടും സക്കാത്ത്‌ തരപ്പെടുത്തിയതിനെതിരെ കെ ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി നൽകിയതും യുഡിഎഫിൽ നീറിപ്പുകയുന്നതിനിടെയാണ്‌ തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ ന്യായീകരിച്ച്‌ മുസ്ലിം ലീഗിന്റെ രംഗപ്രവേശം. ഇത്‌ ചോദ്യം ചെയ്‌ത്‌ കെസിബിസി ഉയർത്തിയ വിമർശനവും ഇക്കാര്യത്തിൽ യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന കോടിയേരിയുടെ ആവശ്യവും കൂടിയായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ഹാഗിയ സോഫിയ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടേതിന്‌ സമാനമായ നിലപാടാണ്‌ ലീഗിന്‌. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങിയ തീവ്രവാദ ശക്തികളുമായി കൂട്ടുചേരാനുള്ള മുസ്ലിംലീഗ്‌ നീക്കം വിവാദമായതിന്‌ പിന്നാലെയുള്ള ഈ സമീപനം ശ്രദ്ധേയമാണ്‌. സക്കാത്തിന്റെ ഭാഗമായി റംസാൻ കിറ്റ്‌ നൽകാനും മുസ്ലിംപള്ളികളിൽ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ കോൺസുലേറ്റിന്റെ അഭ്യർഥന പ്രകാരം സൗകര്യമൊരുക്കിയതിനാണ്‌ മന്ത്രി കെ ടി ജലീലിനെതിരെ യുഡിഎഫ്‌ കൺവീനർ പ്രധാനമന്ത്രിക്ക്‌ പരാതി നൽകിയത്‌. കത്ത്‌ പരിഗണിച്ച്‌ തനിക്ക്‌ കേന്ദ്രം തൂക്കുമരം വിധിച്ചാലും അതേറ്റുവാങ്ങാൻ ഒരുക്കമാണെന്ന‌ മന്ത്രിയുടെ പ്രതികരണം യുഡിഎഫിന്‌ കനത്ത പ്രഹരമായി‌. മുസ്ലിംസമുദായത്തിൽ ഇതുളവാക്കിയ അലയൊലി കാണാതിരിക്കാൻ മുസ്ലിം ലീഗിനും കഴിയില്ല. Read on deshabhimani.com

Related News