കേന്ദ്രത്തിന്റെ അജൻഡയിൽ തൊഴിലാളി എന്ന വാക്കില്ല: എളമരം കരീം



  കൊച്ചി ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ അജൻഡയിൽ തൊഴിലാളി എന്ന വാക്കില്ലെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മോദി ഭരണത്തിൽ തൊഴിലാളികൾക്ക്‌ സംരക്ഷണമില്ല. മുതലാളിമാർക്കുവേണ്ടിയാണ്‌ ഭരണം. ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിമയങ്ങളിൽ മുതലാളിമാർക്കായി വെള്ളം ചേർക്കുന്നു. പെഗാസസ്‌ വിഷയം അന്വേഷിക്കാൻ സുപ്രീംകോടതി സ്വതന്ത്ര വിദഗ്‌ധസമിതി രൂപീകരിച്ചത്‌ കേന്ദ്ര സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണ്‌. ജനാധിപത്യത്തോട്‌ ബഹുമാനമില്ലാത്ത കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യതവരെ തകർക്കുകയാണ്‌. വൻകിട കോർപറേറ്റുകൾക്ക്‌ സമ്പത്ത്‌ ആർജിക്കാൻ പറ്റിയ നയങ്ങളാണ്‌ കേന്ദ്രത്തിന്റേതെന്നും എളമരം കരീം പറഞ്ഞു. കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണം: ബിവറേജസ്‌ കോർപറേഷൻ സ്‌റ്റാഫ്‌ അസോ. സമ്മേളനം കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോർപറേഷൻ സ്‌റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കോർപറേഷനിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, വെയർഹൗസുകളിലെയും ചില്ലറവിൽപ്പനശാലകളിലെയും കാലഹരണപ്പെട്ട മദ്യം നശിപ്പിക്കുക, നിലവിലുള്ള മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കുമ്പോൾ ദൂരപരിധി കുറയ്‌ക്കുക ‌എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ബിസിഎസ്‌എ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എസ്‌ അരുൺ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എ ഷാജു കണക്കും സെക്രട്ടറി ഒ ശ്രീലത രക്തസാക്ഷിപ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം ഒ വിജേഷ്‌ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സമാപനസമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ ഭക്തികുമാർ, ബി രാജേഷ്‌, കെ വിജിത്, ‌വി ബാലകൃഷ്‌ണൻ, ആർ കാർത്തികേയൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി വി എസ്‌ അരുണിനെയും ട്രഷററായി എ ഷാജുവിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എസ്‌ ഭക്തികുമാർ, വി ബാലകൃഷ്‌ണൻ, കെ വിജിത്, ബി രാജേഷ്‌, വി പി പ്രവീൺ (വൈസ്‌ പ്രസിഡന്റുമാർ). ആർ കാർത്തികേയൻ, എസ്‌ സജീവ്‌, ഒ ശ്രീലത, എസ്‌ അശ്വതി, ഒ വിജേഷ്‌ (സെക്രട്ടറിമാർ). Read on deshabhimani.com

Related News