ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി നിഷേധിക്കുന്നു: എസ്‌എഫ്‌ഐ



ന്യൂഡൽഹി മോദി സർക്കാരിനു കീഴിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യനീതി തുടർച്ചയായി നിഷേധിക്കപ്പെടുന്നെന്ന്‌ എസ്‌എഫ്‌ഐ. കഴിഞ്ഞദിവസം പാർലമെന്റിൽ ഇടത്‌ എംപിമാർക്ക്‌ കേന്ദ്ര സർക്കാർ നൽകിയ മറുപടികൾ ഇതിന്‌ തെളിവാണ്‌. 2021–-22ൽ സാങ്കേതിക സ്ഥാപനങ്ങളിൽ (സിഎഫ്‌ടിഐ) ആദിവാസിവിഭാഗത്തിൽനിന്ന്‌ ഒറ്റ വിദ്യാർഥിയെപ്പോലും പ്രവേശിപ്പിച്ചിട്ടില്ലെന്നാണ്‌ വി ശിവദാസൻ എംപിക്ക്‌ നൽകിയ മറുപടി. 12 സിഎഫ്‌ടിഐ ഒരു ദളിത്‌ വിദ്യാർഥിക്കുപോലും പ്രവേശനം അനുവദിച്ചില്ല. ഐഐടികൾ സംവരണനിയമങ്ങൾ ലംഘിക്കുന്നെന്ന്‌ സുവെങ്കടേശൻ എംപിക്ക്‌ ലഭിച്ച ഉത്തരം തെളിയിക്കുന്നു. 2021ൽ മൂന്ന്‌ ഐഐടി പട്ടികവർഗവിഭാഗത്തിൽനിന്ന്‌ ഒറ്റ ഗവേഷകവിദ്യാർഥിക്കും പ്രവേശനം നൽകിയിട്ടില്ല. 15 ശതമാനം സീറ്റ്‌ പട്ടികജാതി വിഭാഗക്കാർക്ക്‌ അനുവദിക്കണമെന്ന വ്യവസ്ഥ പലരും ലംഘിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും സംവരണനിയമം പാലിച്ച്‌ സാമൂഹ്യനീതി ഉറപ്പാക്കണമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News