നൂറുദിന കർമപരിപാടി ; ലൈഫ്‌: 4 ഭവനസമുച്ചയം ഏപ്രിൽ 8ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും



തിരുവനന്തപുരം ഭൂരഹിതരായ ഭവനരഹിതർക്കായി ലൈഫ്‌ മിഷൻ മുഖേന നിർമിച്ച നാല്‌ ഭവനസമുച്ചയം ഏപ്രിൽ എട്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. 168 കുടുംബത്തിനാണ്‌ സ്വപ്‌നസാഫല്യമായി കിടപ്പാടം ലഭിക്കുക. നാലു ഭവനസമുച്ചയത്തിലും 42 ഭവനം, ഒരു അങ്കണവാടി, ഒരു വയോജനകേന്ദ്രം എന്നിവവീതമാണ്‌ ഒരുക്കിയിട്ടുള്ളത്‌. കണ്ണൂർ കടമ്പൂരിലെ ഭവനസമുച്ചയ ഉദ്‌ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനശേഷം തുടർച്ചയായി കോട്ടയം–- വിജയപുരം, ഇടുക്കി–- കരുമണ്ണൂർ, കൊല്ലം–- പുനലൂർ എന്നീ ഭവനസമുച്ചയങ്ങളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്ത്‌ യോഗങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനത്ത്‌ 25 ഭവനസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. എറണാകുളം–- നെല്ലിക്കുഴി, തിരുവനന്തപുരം–- പൂവച്ചൽ എന്നിവിടങ്ങളിൽ പുതിയ ഭവനസമുച്ചയങ്ങൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. 20,000 വീടുകൂടി മെയ്‌ 4ന്‌ കൈമാറും സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20,000 വീടുകൂടി നിർമാണം പൂർത്തിയാക്കി മെയ്‌ നാലിന്‌ കൈമാറും. കൊല്ലത്ത്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതത്‌ കുടുംബത്തിന്‌ വീടുകൾ കൈമാറും. രണ്ടാം വാർഷികത്തിന്റെ ഭാഗമായ നൂറുദിന കർമപരിപാടിയിൽ ലൈഫ് 2020 പട്ടികയിലെ 20,000 കുടുംബത്തിന്‌ വീട് വയ്‌ക്കാനുള്ള കരാർ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. നിലവിൽ 11,568 വീട്‌ പൂർത്തിയാക്കി. ബാക്കി ഏപ്രിലിൽ പൂർത്തിയാക്കും. ലൈഫിൽ ആകെ 3,35,462 വീട്‌  പൂർത്തിയാക്കി. Read on deshabhimani.com

Related News