പുനഃസംഘടന നീളും ; സമിതിയെ വെട്ടാൻ സുധാകരസംഘം



തിരുവനന്തപുരം കോൺഗ്രസ്‌ പുനഃസംഘടനയിൽ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കാൻ കൊണ്ടുവന്ന ഏഴംഗ പുനഃസംഘടനാ സമിതിയെ അട്ടിമറിക്കാൻ നീക്കം. ഗ്രൂപ്പ്‌ അടിസ്ഥാനത്തിലുള്ള നിർദേശം തള്ളി തൽപ്പരകക്ഷികളെ തിരുകിക്കയറ്റാനാണ് കെ സുധാകരന്റെയും ഒപ്പമുള്ളവരുടെയും ശ്രമം. നാല്‌ ജില്ലയാണ് പട്ടിക കൈമാറാനുള്ളത്. വൈക്കം സത്യഗ്രഹപരിപാടി കഴിഞ്ഞാൽ പുനഃസംഘടന പൂർത്തിയാക്കാനാണ്‌ തീരുമാനം. വിഷയം ചർച്ചചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ രണ്ട്‌ ദിവസമായി സംസ്ഥാനത്തുണ്ട്‌. എന്നാൽ, അടി രൂക്ഷമാകുമെന്ന്‌ ഉറപ്പാണ്. കെ സുധാകരന്റെ അറ്റാച്ച്‌ഡ്‌ സെക്രട്ടറിയുൾപ്പെടെ ഒരുവിഭാഗം നേതാക്കൾ പാർടി കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന എംപിമാരുടെ നിരന്തര പരാതിയിലാണ്‌ പുനഃസംഘടനയ്ക്ക്‌ സമിതിയെ വച്ചത്‌.  കൊടിക്കുന്നിൽ സുരേഷ്‌, കെ സി ജോസഫ്‌, ജോസഫ്‌ വാഴയ്ക്കൻ, കെ ജയന്ത്‌, എം ലിജു, ടി സിദ്ദിഖ്‌, എ പി അനിൽകുമാർ എന്നിവരാണ്‌ അംഗങ്ങൾ. ഇവർ നൽകുന്ന പട്ടികയിൽ  അന്തിമ തീരുമാനമെടുക്കുക കെപിസിസി അധ്യക്ഷനായിരിക്കും.  പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത്‌ ജയന്ത്‌, ലിജു, മാത്യു കുഴൽനാടൻ, വി ടി ബലറാം എന്നിവരാണ്‌ എന്നാണ്‌ എംപി മാരുടെ പരാതി. ടി സിദ്ദിഖ്‌, വി പി സജീന്ദ്രൻ തുടങ്ങിയവരും  സംഘത്തിലേക്ക്‌ അടുത്തിട്ടുണ്ട്‌. ഏത്‌ ഗ്രൂപ്പായാലും കൂറ്‌ തങ്ങൾക്കൊപ്പമായാൽ പരിഗണിക്കാമെന്ന നിലപാടാണ്‌ ഇവരുടേത്‌. Read on deshabhimani.com

Related News