ഉക്രയ്‌ൻ വിദ്യാർഥികളുടെ പഠനം ; കേന്ദ്ര സത്യവാങ്മൂലത്തിൽ ആശങ്ക, അവ്യക്തത



കോഴിക്കോട്‌ ഉക്രയ്‌ൻ യുദ്ധത്തിൽനിന്ന്‌ രക്ഷപ്പെട്ടെത്തിയ മെഡിക്കൽ വിദ്യാർഥികളെ ഇന്ത്യയിൽ പരീക്ഷയെഴുതാൻ അനുവദിച്ച്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രയോജനപ്പെടില്ല. വിവിധ വർഷക്കാരെ പരിഗണിക്കാതെയുള്ള സർക്കാർ നിലപാടാണ്‌ ആശങ്കയുണ്ടാക്കുന്നത്‌. സത്യവാങ്മൂലത്തിലെയും സുപ്രീംകോടതി നിർദേശത്തിലെയും വ്യക്തതയില്ലായ്‌മയും പ്രതിസന്ധിയാണ്‌. ഉക്രയ്‌ൻ, ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ മടങ്ങിയ അവസാന വർഷ എംബിബിഎസ്‌ വിദ്യാർഥികൾക്ക്‌ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ പഠിക്കാതെതന്നെ പരീക്ഷയെഴുതാമെന്നാണ്‌ സത്യവാങ്മൂലം. സുപ്രീംകോടതി നിർദേശിക്കുന്ന രണ്ട്‌ അവസരിത്തിലും തിയറി, പ്രാക്ടിക്കൽ പരീക്ഷ  പാസാകാനാകാത്തവർ എന്തുചെയ്യുമെന്നാണ്‌  വിദ്യാർഥികൾ ചോദിക്കുന്നത്‌. അപേക്ഷിച്ചവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേഷൻ പരീക്ഷ എഴുതണമോ എന്നതിലും വ്യക്തതയില്ല. ഇരുരാജ്യത്തെയും പാഠ്യപദ്ധതിയിലെ വ്യത്യാസം അവസാന വർഷക്കാരെ കുഴയ്‌ക്കും. ഒന്നുമുതൽ അഞ്ചുവരെ വർഷക്കാരെക്കുറിച്ച്‌ പ്രത്യേക പരാമർശമില്ല.  അവസാന വർഷക്കാർക്ക്‌ പാർട്ട്‌ ഒന്ന്‌ പരീക്ഷ പാസായി ഒരുവർഷം കഴിഞ്ഞ്‌ പാർട്‌ രണ്ട്‌ എഴുതാനാണ്‌ അനുമതി.  ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ച്‌ ഇന്ത്യയിൽ പഠനം തുടർന്ന, പ്രായോഗിക പരിജ്ഞാനം ലഭിച്ചിട്ടില്ലാത്തവർ എങ്ങനെ പ്രാക്ടിക്കൽ എഴുതും എന്നതിനും ഉത്തരമില്ലെന്ന്‌ ഓൾ കേരള ഉക്രയ്‌ൻ മെഡിക്കൽ സ്‌റ്റുഡന്റ്‌സ്‌, പേരന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി സതീശൻ പറഞ്ഞു. ഈ വിദ്യാർഥികൾക്ക്‌  പഠിച്ചിറങ്ങാൻ 10–- 11 വർഷം വേണ്ടിവരുമെന്ന സ്ഥിതിയാണ്‌. വിദ്യാഭ്യാസ വായ്‌പയെടുത്ത്‌ പഠനം തുടരുന്നവർക്ക്‌ കടുത്ത സാമ്പത്തിക ബാധ്യതയാകും.  രണ്ട്‌ പരീക്ഷയും ജയിച്ചശേഷം രണ്ടുവർഷത്തെ റൊട്ടേറ്ററി ഇന്റേൺഷിപ്പുണ്ട്‌. എൻഎംസിയുടെ പുതിയ മാനദണ്ഡപ്രകാരം മെഡിക്കൽ കോളേജുകളിൽ മാത്രമേ ഇതിന്‌ അനുമതിയുള്ളൂ. മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്‌ കിട്ടാൻ ഒരുവർഷംവരെ  കാത്തിരിക്കേണ്ടിവരുന്നു. Read on deshabhimani.com

Related News