ചേരിതിരിഞ്ഞ്‌ നേതാക്കൾ; 
അടിമൂക്കുന്നു ; മുഖംകൊടുക്കാതെ സതീശനും തരൂരും



കൊച്ചി ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്‌പരം മുഖംകൊടുക്കാതെ കോൺഗ്രസ്‌ നേതാക്കളായ ശശി തരൂരും വി ഡി സതീശനും. പിന്തുണ പ്രഖ്യാപിച്ചും  ആരോപണം ഉന്നയിച്ചും നേതാക്കൾ അണിനിരന്നതോടെ  ശശി തരൂർ എംപി ചെയർമാനായ അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന കോൺക്ലേവ്‌ പുതിയ ഗ്രൂപ്പിന്റെ പ്രഖ്യാപനവേദിയായി. കോൺക്ലേവിൽ നേരിട്ട്‌ പങ്കെടുക്കുന്നതിൽനിന്ന്‌ അവസാനനിമിഷം പിന്മാറിയ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഓൺലൈനിലാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. വൈകിട്ട്‌ ലീഡേഴ്‌സ്‌ ഫോറം ഉദ്‌ഘാടനത്തിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നേരിട്ട്‌ പങ്കെടുത്തപ്പോൾ വേദിയിൽ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഊതിവീർപ്പിച്ച ബലൂണെന്ന്‌ നേരത്തെ തരൂരിനെ കളിയാക്കിയ സതീശൻ, തരൂരിനെ കാണുമ്പോൾ ഞാൻ എഴുന്നേറ്റു നിൽക്കാറുണ്ടെന്ന്‌ പരോക്ഷ പരിഹാസത്തോടെയാണ്‌  സംസാരം തുടങ്ങിയത്‌.  മുഴുവൻസമയം പങ്കെടുത്ത ഹൈബി ഈഡൻ  എംപി, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ ശബരീനാഥൻ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ തരൂരിനെ പുകഴ്‌ത്തിയും നേതൃത്വത്തെ രൂക്ഷഭാഷയിൽ വിമർശിച്ചും സംസാരിച്ചു. ഉദ്‌ഘാടകനായി വരേണ്ടിയിരുന്ന കെ സുധാകരന്റെ പിന്മാറ്റത്തെ പറവൂരിൽ സ്വകാര്യപരിപാടിയിൽ തരൂർ പരിഹസിച്ചിരുന്നു. സുധാകരന്‌ അസൗകര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന്‌ നല്ല ആരോഗ്യമുണ്ടാകട്ടെ എന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. കോൺക്ലേവ്‌ ഉദ്‌ഘാടനത്തിനുശേഷം  മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂർ നേതാക്കളുടെ പേരിനൊപ്പം ഉദ്‌ഘാടകനായ സുധാകരന്റെ പേര്‌ പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. പിന്നീട്‌  ‘ഉദ്‌ഘാടകനെ വിട്ടുപോയി’ എന്നുപറഞ്ഞൊഴിഞ്ഞു. ലീഡേഴ്‌സ്‌ മീറ്റിൽ സതീശൻ വന്നപ്പോഴാകട്ടെ തരൂർ സ്ഥലംവിട്ടു. സതീശനൊപ്പം ഉറച്ചുനിന്നിരുന്ന ഹൈബി ഈഡൻ എംപിയുടെ സജീവസാന്നിധ്യവും തരൂരിനെ പുകഴ്‌ത്തിയുള്ള പ്രസംഗവും ചുവടുമാറ്റത്തിന്റെ സൂചന നൽകി. മാത്യു കുഴൽനാടനും നേതൃത്വത്തിനെതിരെ രൂക്ഷവിമർശമുന്നയിച്ചു. ‘ഫൗൾ ചെയ്യേണ്ടത്‌ എതിരാളികളെയാണ്‌. ഒപ്പമുള്ളവരെയല്ല’ എന്നായിരുന്നു കുഴൽനാടന്റെ കമന്റ്‌. 150 പേർ കോൺക്ലേവിൽ പങ്കെടുത്തു. Read on deshabhimani.com

Related News