രാത്രിയിലും ‘സൂര്യ’നുദിക്കുന്നു വെള്ളപ്പൻകണ്ടിയിൽ ; സോളാർ വൈദ്യുതി എത്തിച്ച്‌ അനെർട്ട്



കൽപ്പറ്റ    വെള്ളപ്പൻകണ്ടി കോളനിയിലിനി രാത്രിയിലും ‘സൂര്യനു’ദിക്കും. അനെർട്ടാണ്‌ കോളനിയിൽ സോളാർ പ്രകാശമൊരുക്കി കൂരിരിട്ട്‌ അകറ്റിയത്‌.  ചെന്നെത്താൻ പോലും പ്രയാസമുള്ള ഉൾവനത്തിലെ  കൂരിരുട്ടിൽ വന്യമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും പേടിച്ച്‌ അന്തിയുറങ്ങിയിരുന്നവർക്കിനി വെളിച്ചം തുണയാകും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു കോളനിയിലെ  മുഴുവൻ വീടും സോളാർ പാനൽ വഴി അനെർട്ട്‌‌ വൈദ്യുതീകരിക്കുന്നത്‌.  മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കുള്ള പുനരധിവാസ പാക്കേജിൽ സർക്കാർ നിർമിച്ച നൽകിയ  വീടുകളിലാണ്‌ സോളാർ വൈദ്യുതി എത്തിച്ചത്.  മേപ്പാടി പഞ്ചായത്ത്‌ കള്ളാടിയിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ ഉള്ളിൽ നിക്ഷിപ്‌ത വനഭൂമിയിലാണ്‌ പണിയ സമുദായത്തിലെ 10 കുടുംബത്തിന്‌ പട്ടികവർഗ വകുപ്പ്‌  വീട്‌ നിർമിച്ചുനൽകിയത്‌. സോളാർ വിൻഡ്‌ ഹൈബ്രിഡ്‌ സൗരനിലയങ്ങളാണ്‌ സ്ഥാപിച്ചത്‌. ഓരോ വീട്ടിലും ഒന്നരക്കിലോ വാട്ട്‌ ഉൽപ്പാദനശേഷിയുള്ള പ്ലാന്റാണ്‌ സ്ഥാപിച്ചത്‌. ഒരു കിലോവാട്ട്‌ വൈദ്യുതി സോളാർ പ്ലാന്റിൽനിന്നും അരക്കിലോ വാട്ട്‌ കാറ്റിൽനിന്നുമാണ്‌ ഉൽപ്പാദിപ്പിക്കുക. 28,26,100 രൂപയാണ്‌ പദ്ധതിച്ചെലവ്‌. ലൈറ്റുകൾ, ടിവി, ഫാൻ മുതലായവ പ്രവർത്തിപ്പിക്കാം. വൈദ്യുതി, ബാറ്ററിയിൽ ശേഖരിച്ച്‌ ‌ ഇൻവെർട്ടർ ഉപയോഗിച്ചാണ്‌ പ്രവർത്തിപ്പിക്കുക. പദ്ധതിയുടെ മുഴുവൻ ചെലവും വഹിച്ചത്‌ അനെർട്ടാണ്‌. ചുറ്റും വനപ്രദേശമായതിനാൽ  ഇവിടം വൈദ്യുതി എത്തിക്കുന്നത്‌ അസാധ്യമായിരുന്നു. Read on deshabhimani.com

Related News