ലോട്ടറി തൊഴിലാളികൾക്ക്‌ ആയിരം രൂപ



കോഴിക്കോട് കോവിഡ് ജാഗ്രതയുടെ ഭാഗമായി ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ലോട്ടറി തൊഴിലാളികൾക്ക് കൈത്താങ്ങായി ക്ഷേമനിധി ബോർഡ്‌. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ആയിരം രൂപ അക്കൗണ്ടിലെത്തും. രണ്ടുമാസത്തെ പെൻഷൻ 2,600 രൂപയും ഒപ്പമുണ്ടാകും.  84 കോടി രൂപയാണ് ബോർഡ് നീക്കിവച്ചത്‌. വെള്ളിയാഴ്ച മുതൽ പണം അയച്ചുതുടങ്ങി. ശനിയാഴ്ച  വൈകിട്ടോടെ മുഴുവനാളുകൾക്കും തുക ലഭിക്കുമെന്ന് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ക്ഷേമനിധി ബോർഡ് ചെയർമാൻ പി ആർ ജയപ്രകാശ് പറഞ്ഞു. കോവിഡ് വ്യാപനത്തോടെ  ലോട്ടറി വിൽപ്പനയും നറുക്കെടുപ്പും നിർത്തിയിരുന്നു. ദിവസവരുമാനക്കാരായ തൊഴിലാളികളെ ഇത് ബുദ്ധിമുട്ടിലാക്കി. തൊഴിൽനഷ്ടം കണക്കാക്കിയാണ് സഹായവിതരണം. 45,928 തൊഴിലാളികളാണ്‌ ക്ഷേമനിധിയിലുള്ളത്. 2,526 പെൻഷൻകാരുമുണ്ട്‌. തിരുവനന്തപുരം- 4087, കൊല്ലം -5832, പത്തനംതിട്ട -1290, ആലപ്പുഴ -7899, ഇടുക്കി -2680, പാലക്കാട്- 4905, കോട്ടയം -3485, എറണാകുളം -5243, തൃശൂർ- 5076, മലപ്പുറം -1177, കോഴിക്കോട്- 1892, വയനാട്- 943, കണ്ണൂർ- 2623, കാസർകോട്‌ -1322 എന്നിങ്ങനെയാണ് അടിയന്തര സഹായത്തിന് അർഹരായ തൊഴിലാളികളുടെ എണ്ണം. Read on deshabhimani.com

Related News