സതീശനും ചെന്നിത്തലയ്ക്കും എതിരെ വിമതയോഗം



തിരുവനന്തപുരം പുനഃസംഘടനയിലേക്ക്‌ കടക്കുംമുമ്പേ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. തലസ്ഥാനത്ത്‌ ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വിമതർ യോഗം ചേർന്നു. വട്ടിയൂർക്കാവിലാണ്‌ വിമതയോഗം നടന്നത്‌. പുനഃസംഘടനാ നടപടി സുതാര്യമല്ലെന്നാണ് പ്രധാന വിമർശം. കെപിസിസി അംഗങ്ങളായ ശാസ്തമംഗലം മോഹനനെയും ഡി സുദർശനെയും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പാർടിയിൽനിന്ന്‌ പുറത്താകേണ്ടി വന്നാലും ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നാണ്‌ നിലപാട്‌. മണ്ഡലം പ്രസിഡന്റുമാരും ഡിസിസി ജനറൽ സെക്രട്ടറിമാരും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, ഡിസിസി അധ്യക്ഷൻ പാലോട്‌ രവി എന്നിവർക്കെതിരെ രൂക്ഷ വിമർശമുണ്ടായി. എസ്‌ കുട്ടിക്കൃഷ്‌ണൻനായർ അനുസ്‌മരണമെന്ന പേരിലാണ്‌ യോഗം ചേർന്നത്‌. കെ സുധാകരനുമായി അടുപ്പമുള്ളവരാണ്‌ നേതൃത്വം കൊടുത്തത്‌. സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനയോഗം വിളിച്ചിട്ടുണ്ട്‌. അണികളുടെ വികാരം മനസ്സിലാക്കാതെ താഴെത്തട്ടിൽ പുനഃസംഘടന നടത്തരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. മണ്ഡലം, ബ്ലോക്ക്‌ തലങ്ങളിലെല്ലാം വീതംവയ്‌പാണ്‌ നടക്കുന്നതെന്നും ജനങ്ങളുമായി അടുപ്പമുള്ളവർ ഭാരവാഹികളാകുന്നില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. അതേസമയം, കെ സുധാകരനെതിരെയും കെപിസിസി നേതൃത്വത്തിനെതിരെയും വിമർശമുണ്ടാകാത്തത്‌ ആസൂത്രിതമാണെന്നാണ്‌ മറുവിഭാഗം പറയുന്നത്‌. Read on deshabhimani.com

Related News