സന്നിധാനത്ത്‌ തീർഥാടകപ്രവാഹം ; തീർഥാടകർക്ക്‌ 
അന്നമൂട്ടി ദേവസ്വം ബോർഡ്‌



ശബരിമല മണ്ഡല മകരവിളക്ക്‌ തീർഥാടനത്തിന്‌ നടതുറന്ന്‌ 10 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത്‌ തീർഥാടകപ്രവാഹം. നടതുറന്നശേഷമുള്ള ഏറ്റവും വലിയ തിരക്കാണ്‌ ശനിയാഴ്ചയുണ്ടായത്‌. ഒരുലക്ഷത്തോളംപേർ മലചവിട്ടി. പുലർച്ചെ മൂന്നിന്‌ നടതുറന്നപ്പോൾ മുതൽ തീർഥാടകരുടെ നീണ്ടവരി ശരംകുത്തി മുതൽ ദൃശ്യമായിരുന്നു. ഒരു മണിക്കൂറിലധികം വരിനിന്നശേഷമാണ്‌ തീർഥാടകർക്ക്‌ പതിനെട്ടാംപടി ചവിട്ടാനായത്‌. ദർശനത്തിനും ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. തിരക്കുവർധിച്ച സാഹചര്യത്തിൽ കഴിഞ്ഞദിവസം മുതൽ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കി. തീർഥാടർക്ക്‌ കൂടുതൽസമയം ദർശനം അനുവദിക്കാനാണ്‌ രണ്ടുപൂജകളും ഒഴിവാക്കിയത്. പടിപൂജ വേളയിൽ ഒരുമണിക്കൂറോളം പതിനെട്ടാംപടി കയറാനുള്ള നിയന്ത്രണവും ഉദയാസ്തമന പൂജാ സമയത്ത് നിരവധിതവണ നടയടയ്ക്കേണ്ട സാഹചര്യവുമുണ്ട്‌. ലക്ഷം തീർഥാടകർക്ക്‌ 
അന്നമൂട്ടി ദേവസ്വം ബോർഡ്‌ മണ്ഡല -മകരവിളക്ക് തീർഥാടനത്തിനെത്തിയ ലക്ഷങ്ങൾക്ക്‌ ആശ്വാസമായി ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ സൗജന്യ ഭക്ഷണവിതരണം. ഇതിനോടകം ഒന്നരലക്ഷം തീർഥാടകർ ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാനെത്തി. മൂന്നുനേരവും സൗജന്യമായാണ്‌ ഭക്ഷണം നൽകുന്നത്‌. ഒരേസമയം 5000 പേർക്ക് ഭക്ഷണം കഴിക്കാനാകും. പുലർച്ചെ ഏഴിന്‌ ഭക്ഷണവിതരണം ആരംഭിക്കും. ഏഴുമുതൽ 11വരെ ഉപ്പുമാവും കടലയും ചുക്കുകാപ്പിയും 12.30 മുതൽ പകൽ മൂന്നരവരെ പുലാവും സാലഡും അച്ചാറും ഉൾപ്പെടുന്ന ഉച്ചഭക്ഷണം, വൈകിട്ട്‌ ഏഴുമുതൽ കഞ്ഞിയും ലഭിക്കും. ഒരു സ്പെഷ്യൽ ഓഫീസർ ഉൾപ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനത്തിനുള്ളത്‌. രണ്ടുദിവസം കൂടുമ്പോൾ ട്രാക്ടർ സംവിധാനം ഉപയോഗിച്ച്‌ ഉൽപന്നങ്ങൾ എത്തിക്കും. ഇ–-ടെണ്ടർ നടപടികളിലൂടെയാണ്‌ ഉൽപന്നങ്ങൾ വാങ്ങുന്നത്‌. തീർഥാടകർക്ക്‌ തടസമില്ലാതെ ഭക്ഷണം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന്‌ അസി. എക്സിക്യൂട്ടീവ് ഓഫീസർ എം രവികുമാർ പറഞ്ഞു. Read on deshabhimani.com

Related News