അച്ഛന്റെ കരളാകാൻ കനിവ്‌ തേടി പെൺകുട്ടി ; ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി



കൊച്ചി    ഗുരുതര രോഗബാധിതനായ അച്ഛന്‌ കരൾ പകുത്തുനൽകാൻ അനുമതി തേടിയ പതിനേഴുകാരിക്ക്‌ ഹൈക്കോടതിയുടെ കനിവ്‌.  തൃശൂർ കോലഴി സ്വദേശിക്ക്‌ കരൾ നൽകാനാണ്‌ മകൾ ഹൈക്കോടതിയുടെ പ്രത്യേകാനുമതി തേടിയത്‌. ഹർജി പരിഗണിച്ച കോടതി, അന്തിമതീരുമാനം എടുക്കേണ്ടത്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണെന്ന്‌ വിലയിരുത്തി. പെൺകുട്ടിയോട്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഹാജരാകാനും മൂന്നുദിവസത്തിനുള്ളിൽ ഡയറക്ടർ അന്തിമതീരുമാനം എടുക്കാനും ജസ്‌റ്റിസ്‌ വി ജി അരുൺ നിർദേശിച്ചു. ഹർജി 30ന്‌ വീണ്ടും പരിഗണിക്കും. ലിവർ സിറോസിസ്‌ ബാധിച്ച അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. കരൾ മാറ്റിവയ്‌ക്കാൻ യോജിച്ച ദാതാവിനെ കണ്ടെത്താനായില്ല. ഇതിനിടെ മകളുടെ കരൾ ചേരുമെന്നു കണ്ടെത്തി. അവയവമാറ്റ നിയന്ത്രണ നിയമത്തിലെ ഒമ്പത്‌ (ഒന്ന്‌ ബി) വകുപ്പുപ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പ്രായപൂർത്തിയാകാത്തവർ അവയവമോ കോശങ്ങളോ മാറ്റിവയ്‌ക്കാവൂ എന്ന വ്യവസ്ഥ തടസ്സമായി. തുടർന്നാണ്‌ കോടതിയെ സമീപിച്ചത്‌.  ഇക്കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനമാണ്‌ പ്രധാനമെന്ന്‌ സർക്കാർ കോടതിയെ അറിയിച്ചു. ജീവിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ അവയവങ്ങൾ നീക്കരുതെന്നാണ് നിയമം. എന്നാൽ, ആവശ്യം ന്യായമാണെങ്കിൽ പ്രത്യേക അധികാരമുള്ള അതോറിറ്റിയുടെ അനുമതിയോടെ അവയവദാനം നടത്താം. നിയമത്തിൽ ഇളവ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സംസ്ഥാന സർക്കാരിനും പെൺകുട്ടി കത്ത്‌ നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News