ക്യാൻസർ സെന്റർ ; സമഗ്രവികസന രേഖ സമർപ്പിച്ചു



കളമശേരി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കാനുള്ള സമഗ്ര വികസന രൂപരേഖ സർക്കാരിന് സമർപ്പിച്ചു. കൂടുതൽ രോഗികൾക്ക് അർബുദ ചികിത്സ ലഭ്യമാക്കാൻ വിവിധ സംവിധാനങ്ങൾ ഒരുക്കാനും ചികിത്സാ നിർണയ ഉപകരണങ്ങൾ വാങ്ങാനുമടക്കം 928 കോടി രൂപ ചെലവുവരുന്ന വികസനരേഖയാണ് സമർപ്പിച്ചത്. ചികിത്സാ ഉപകരണങ്ങൾ, മോര്‍ഫിന്‍ നിർമാണ യൂണിറ്റ്, ഓക്സിജൻ പ്ലാന്റ്, അർബുദബാധിതർക്കുള്ള പുനരധിവാസപദ്ധതി, കൃത്രിമ സ്തന നിർമാണ യൂണിറ്റ്, വൻകുടലിൽ അർബുദം ബാധിച്ചവര്‍ക്കുള്ള_കൊളോസ്ടമി ബാഗ് നിർമാണ യൂണിറ്റ് എന്നിവയും ഡിജിറ്റൽ പാത്തോളജി ലാബ്, പ്രോട്ടോൺ ചികിത്സാ യൂണിറ്റ് എന്നിവയും രേഖയിൽ ഉൾപ്പെടും. ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളിൽ_സിസിആർസിയുടെ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതി രേഖയിൽ നിർദേശമുണ്ട്.ആശുപത്രിയിലെത്തുന്ന രോഗികളുടെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ ഇത്‌ സഹായിക്കുമെന്ന് ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു. ഉപകേന്ദ്രങ്ങളിൽ തുടർ പരിചരണസൗകര്യം, ഡേകെയർ കീമോ തെറാപ്പി, ടെലിമെഡിസിൻ, ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങൾ ഉണ്ടാകും. ക്യാൻസർ സെന്ററിലെ രോഗികൾക്കായി മൊബൈൽ ആപ് അടുത്തമാസംമുതൽ അരംഭിക്കും. രോഗികൾക്ക്_വീട്ടിലിരുന്ന്‌ ഡോക്ടറിൽനിന്ന്‌ ചികിത്സ തേടാനാകുമെന്നും ഡോ. ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ രണ്ട്‌ സർജിക്കൽ ഓങ്കോളജിസ്റ്റിനെയും ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റിനെയും ബോണ്ട് അടിസ്ഥാനത്തിൽ സിസിആർസിയിലേക്ക് ഉടനെ നിയമിക്കും. കരാർ അടിസ്ഥാനത്തിൽ പാത്തോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, സ്പീച്ച് പാത്തോളജിസ്റ്റ് എന്നിവരെ അടുത്തമാസം നിയമിക്കുമെന്നും ഡയറക്ടർ പറഞ്ഞു. Read on deshabhimani.com

Related News