പ്രകോപനവുമായി നേതാക്കൾ ; യുഡിഎഫ്‌ അക്രമത്തിന്‌ ഇതര ജില്ലക്കാരും



കൽപ്പറ്റ   ശനിയാഴ്‌ച കൽപ്പറ്റയിൽ യുഡിഎഫ്‌ മാർച്ചിനിടെ അക്രമം നടത്തിയത്‌ ജില്ലയ്‌ക്ക്‌ പുറത്തുനിന്നുള്ളവരും. കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം ജില്ലയിൽനിന്നുള്ള പഞ്ചായത്ത്‌ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ക്രിമിനലുകളാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌. മാർച്ച്‌ തുടങ്ങിയതുമുതൽ പുറത്തുനിന്നെത്തിയവർ അക്രമം അഴിച്ചുവിട്ടു. പൊതുയോഗത്തിൽ സംസാരിച്ച യുഡിഎഫ്‌ നേതാക്കൾ അക്രമത്തിന്‌ ആഹ്വാനംചെയ്‌തതും പ്രവർത്തകർക്ക്‌ പ്രചോദനമായി. കോഴിക്കോട്‌ ജില്ലയിലെ താമരശേരി, കൊടുവള്ളി, പുതുപ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ്‌ പ്രധാനമായും അക്രമികൾ എത്തിയത്‌. പുതുപ്പാടി പഞ്ചായത്തംഗവും മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റി അംഗവുമായ ഷംസു കുനിയിലിന്റെ നേതൃത്വത്തിൽ പല സ്ഥലത്തും അക്രമം നടത്താൻ ശ്രമിച്ചു. ഷംസു കല്ലെറിയുന്ന ചിത്രം ദേശാഭിമാനി പുറത്തുവിട്ടതോടെ ഇയാളുടെ പ്രദേശത്തുള്ള യുഡിഎഫുകാർ ഷംസുവിന്‌ അഭിവാദ്യം അർപ്പിച്ച്‌ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. കെപിസിസി നിർവാഹക സമിതി അംഗവും താമരശേരി പഞ്ചായത്ത്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അംഗവുമായ എ അരവിന്ദന്റെ നേതൃത്വത്തിലാണ്‌ കോഴിക്കോട്‌ ജില്ലയിൽനിന്നുള്ള യുഡിഎഫുകാർ അക്രമത്തിന്‌ എത്തിയത്‌. പൊതുയോഗം ഉദ്‌ഘാടനംചെയ്‌ത കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രകോപനത്തിന്‌ എരിവ്‌ പകർന്നു. ‘ആത്മരക്ഷയ്‌ക്കായി ഒരു പിടിത്തം കോൺഗ്രസ്സുകാർ പിടിച്ചാൽ ഒരു സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ല,  നടക്കാൻ ഞങ്ങൾ സമ്മതിക്കില്ല’–- എന്ന്‌ തുടങ്ങി ഭീഷണി മുഴക്കിയാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. തുടർന്ന്‌ സംസാരിച്ച കെ മുരളീധരൻ എംപിയും പ്രകോപനം സൃഷ്ടിച്ചു. ‘ഗാന്ധി പറഞ്ഞത്‌ ഇടത്തേ ചെവിക്ക്‌ അടിച്ചാൽ വലത്തേ ചെവി കാണിച്ചുകൊടുക്കണം. അതിലും അടിച്ചാലോ, അടിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കുക’ എന്നാണ്‌ മുരളീധരൻ പ്രസംഗിച്ചത്‌.  കെ സി വേണുഗോപാൽ, കെ എം ഷാജി, പി എം എ സലാം എന്നിവരും  കലാപത്തിന്‌ ആഹ്വാനം നൽകി. Read on deshabhimani.com

Related News