ലോട്ടറിക്ക്‌ കവചമൊരുക്കാൻ
 സമൂഹമാധ്യമങ്ങളും ; വ്യാജപ്രചാരണം തടയാനും വിപണനരീതി കാലാനുസൃതമാക്കാനും ലോട്ടറി വകുപ്പ്



തിരുവനന്തപുരം കേരള ലോട്ടറിക്കെതിരെയുള്ള വ്യാജപ്രചാരണം തടയാനും വിപണനരീതി കാലാനുസൃതമാക്കാനും സാമൂഹ്യമാധ്യമങ്ങളെക്കൂടി ഉപയോ​ഗപ്പെടുത്താനൊരുങ്ങി ലോട്ടറി വകുപ്പ്. നറുക്കെടുപ്പ് നടപടിയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി യൂട്യൂബ്, ഫെയ്‌സ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലൂടെ തത്സമയം സംപ്രേഷണം നടത്തുമെന്ന് ലോട്ടറി ഡയറക്ടർ എസ്‌ എബ്രഹാം റെൻ ദേശാഭിമാനിയോട്‌ പറഞ്ഞു. സെറ്റ്‌ ലോട്ടറി, എഴുത്ത്‌ ലോട്ടറി തുടങ്ങിയ അനാശാസ്യ പ്രവണതകൾക്കെതിരെ പ്രചാരണം നടത്തും.  കേരള ലോട്ടറിക്കെതിരെ വൻ മാഫിയ പ്രവർത്തിക്കുന്നുണ്ട്. ഇവർ സമൂഹ്യമാധ്യമങ്ങളിലാണ് പ്രചാരണം നടത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച നമ്പറുകൾക്ക്‌ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നുവെന്ന പെരുംനുണ പടച്ചുവിടുന്നു. വിൽക്കാത്ത ടിക്കറ്റിന്‌ സമ്മാനം പ്രഖ്യാപിക്കുന്നതായും കള്ളപ്രചാരണമുണ്ട്‌. ഇത് കേരള ലോട്ടറിക്ക്‌ വലിയ വെല്ലുവിളിയാണ്.  സർക്കാർ എൻജിനിയറിങ്‌ കോളേജുകളിലെ പ്രൊഫസർമാർ അടക്കമുള്ള സാങ്കേതിക സമിതി പരിശോധിച്ച്‌ കൃത്യത ഉറപ്പുവരുത്തിയ യന്ത്രമാണ്‌ നറുക്കെടുപ്പിന്‌ ഉപയോഗിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ഗോർഖി ഭവനിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള യന്ത്രം സംശയമുള്ള ആർക്കും പരിശോധിക്കാം. വിധിനിർണയ സമിതിയുടെ സാന്നിധ്യത്തിലാണ്‌ നറുക്കെടുപ്പ്‌. വിൽക്കാത്ത ടിക്കാറ്റാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ വീണ്ടും നറുക്കെടുക്കും. വിറ്റ ടിക്കറ്റിനുതന്നെയാണ്‌ സമ്മാനം ലഭിക്കുന്നതെന്ന്‌ ഉറപ്പാക്കുന്നതുവരെ നറുക്കെടുപ്പ്‌ തുടരും. ഇത്‌ ടെലിവിഷൻ ചാനലുകളടക്കം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും എബ്രഹാം റെൻ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News