നീണ്ടപാറയില്‍ പട്ടാപ്പകൽ 
കാട്ടാനക്കൂട്ടം; ആശങ്ക



കവളങ്ങാട് നേര്യമംഗലം നീണ്ടപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്‌ പ്രദേശവാസികളെ ആശങ്കയിലാക്കി. ഞായർ വൈകിട്ട് നാലരയോടെയാണ് പത്തിലധികം ആനകൾ പെരിയാർ നീന്തിക്കടന്ന് ജനവാസമേഖലയിൽ എത്തിയത്. പ്രദേശത്ത് രാത്രി കാട്ടാന എത്താറുണ്ടെങ്കിലും പകൽസമയം വരുന്നത് ആദ്യമായാണ്. ജനങ്ങൾ പടക്കം പൊട്ടിച്ചും മറ്റും കാട്ടാനയെ പെരിയാറിനക്കരേക്ക് തുരത്തി. കഴിഞ്ഞ 17ന് അർധരാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം നീണ്ടപാറ ഓലിക്കൽവീട്ടിൽ പീതാംബരന്റെ കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ പീതാംബരൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ച് ആനകളാണ് അന്ന് പീതാംബരന്റെ വാഴ, കുരുമുളക്, റബർ എന്നീ കൃഷികളും മോട്ടോർ പമ്പുഹൗസും തകർത്തത്. നീണ്ടപാറ പാലക്കാട്ടുവീട്ടിൽ ഏലിയാസ്, ജോളി, മോളത്ത് ബേബി, ചെറുകൂപ്പിൽ ജോയി എന്നിവരുടെ കൃഷിയും വ്യാപകമായി നശിപ്പിച്ചിരുന്നു. പ്രദേശത്ത് ഫെൻസിങ്‌ സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യം ഇതേവരെ പരിഹരിച്ചിട്ടില്ല. Read on deshabhimani.com

Related News