ജില്ലാ പ്രസിഡന്റിന്‌ ഏകാധിപത്യശൈലി ; പറവൂരിൽ ബിജെപിയിൽ കൂട്ടരാജി



പറവൂർ ജില്ലാ നേതൃത്വത്തിന്റെ വിഭാഗീയപ്രവർത്തനങ്ങളിലും ഏകാധിപത്യനിലപാടിലും പ്രതിഷേധിച്ച് പറവൂരിൽ ബിജെപിയിൽ കൂട്ടരാജി. നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രഞ്ജിത് മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, വൈസ് പ്രസിഡന്റുമാരായ പി ആർ മുരളി, സുധ ചന്ദ്, സെക്രട്ടറി ഇ ഡി രാജേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിൽ വരിക്കാശേരി എന്നിവരാണ്‌ രാജിവച്ചത്‌. കെ എസ് ഷൈജു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റതുമുതൽ പുകഞ്ഞുതുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയത്‌. മണ്ഡലം കമ്മിറ്റിക്കുകീഴിലെ കോട്ടുവള്ളി വെസ്റ്റ്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റികളിലും പറവൂർ ടൗൺ മുനിസിപ്പൽ കമ്മിറ്റിയിലും നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ നേരത്തേ രാജിവച്ചിരുന്നു. വിഭാഗീയപ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തം ഗ്രൂപ്പിലുള്ളവരെമാത്രം ഭാരവാഹികളായി പരിഗണിക്കാൻ ജില്ലാ പ്രസിഡന്റ്‌ സമ്മർദം ചെലുത്തുന്നുവെന്നാണ് പ്രധാന ആക്ഷേപം. ജില്ലാ കമ്മിറ്റിയുടെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും മണ്ഡലം കമ്മിറ്റിയുടെ സ്വതന്ത്രപ്രവർത്തനം തടസ്സപ്പെടുത്തുന്ന നിലപാടാണ്‌ ഷൈജു തുടരുന്നതെന്നും രാജിവച്ചവരിൽ പ്രമുഖൻ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്ക് ജില്ലാ കമ്മിറ്റി പറയുന്നയാളെ ഉൾപ്പെടുത്തണമെന്ന്‌ നിർബന്ധംപിടിച്ചു. ജില്ലാ കമ്മിറ്റിയിലെ ഒഴിവിലേക്ക് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റി. പോഷകസംഘടനകളുടെ പ്രവർത്തനം നിർജീവമാക്കിയെന്നും രാജിവച്ചവർ പറഞ്ഞു. യുവമോർച്ച, മഹിളാമോർച്ച എന്നിവയുടെ കമ്മിറ്റിയിൽ പ്രവർത്തനപാരമ്പര്യമില്ലാത്തവരെ പരിഗണിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. കുറെ മാസങ്ങളായി ബിജെപിയുടെ സംഘടനാപ്രവർത്തനം നിർജീവമായിരുന്ന പറവൂരിൽ, പ്രാദേശികഘടകങ്ങളും നേതാക്കളും കൂട്ടരാജിവച്ചത് കടുത്തപ്രതിസന്ധിക്ക് ഇടയാക്കും. Read on deshabhimani.com

Related News