കൈക്കൂലിക്കേസ്‌ : വിജിലൻസ്‌ ഡിവൈഎസ്‌പിക്ക്‌ സസ്‌പെൻഷൻ



തിരുവനന്തപുരം കൈക്കൂലിക്കേസിൽ പ്രതിയായ വിജിലൻസ്‌ സ്പെഷ്യൽസെൽ ഡിവൈഎസ്‌പി വേലായുധൻ നായരെ സസ്‌പെൻഡ്‌ ചെയ്‌തു. ഇയാള്‍ അന്വേഷിച്ച കേസിലെ പ്രതിയിൽനിന്ന്‌ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ കൈപ്പറ്റിയെന്ന കേസിലാണ്‌ നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് പൊലീസ്‌ മേധാവിക്ക് നിർദേശം നല്‍കി. വിജിലൻസിന്റെ ട്രാപ്പ്‌ കേസിൽ അകപ്പെട്ട പത്തനംതിട്ട മുനിസിപ്പൽ സെക്രട്ടറി എസ്‌ നാരായണന്റെ അക്കൗണ്ടിൽനിന്നാണ്‌ വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്ക്‌ 2021  സെപ്‌തംബർ 30ന്‌ പണം എത്തിയത്‌. വേലായുധൻ നായർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വേലായുധൻ നായരും നാരായണനും തമ്മിൽ നിരന്തരബന്ധം പുലർത്തിയതായി കണ്ടെത്തിയത്‌. വിജിലൻസ്‌ അന്വേഷക സംഘം വേലായുധൻ നായരുടെ മൊഴിയെടുത്തെങ്കിലും തൃപ്‌തികരമായ മറുപടി ലഭിച്ചിരുന്നില്ല. ഇതോടെ ഇയാള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാണമെന്നാവശ്യപ്പെട്ട് വിജിലൻസ്‌ മേധാവി റിപ്പോർട്ട്‌ നൽകുകയായിരുന്നു. Read on deshabhimani.com

Related News