മണിക്കൂറുകൾക്കുള്ളിൽ സമൂഹ അടുക്കളയും സന്നദ്ധസേനയും; മാതൃക ഈ "കേരള പ്രതിരോധം’



കോവിഡിനെതിരായ പോരാട്ടത്തിൽ സമൂഹ അടുക്കളകൾ സജീവമാക്കിയും ക്ഷേമ പെൻഷനുകൾ ജനങ്ങളുടെ കൈകളിലെത്തിച്ചും യുവാക്കളുടെ സന്നദ്ധസേന രൂപീകരിച്ചും കേരളം പ്രതിരോധം ശക്തമാക്കുന്നു. സമൂഹ അടുക്കള തുറക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുതീരുംമുമ്പേ 47 തദ്ദേശകേന്ദ്രത്തിൽ പാചകത്തിനുള്ള ഒരുക്കം തുടങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിനു കേന്ദ്രത്തിൽ സമൂഹ അടുക്കള വെള്ളിയാഴ്‌ച സജീവമായി. ക്ഷേമ പെൻഷനുകളുടെ വിതരണം വെള്ളിയാഴ്‌ച തുടങ്ങുമെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞതെങ്കിലും ഒരു ദിവസംമുമ്പേ സഹകരണ ജീവനക്കാർ പെൻഷനുമായി വീടുകളിലെത്തി.   യുവാക്കളുടെ സന്നദ്ധസേന രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം വന്ന്‌ മണിക്കൂറുകൾക്കുള്ളിൽ സേനയിൽ ചേരാൻ സന്നദ്ധരായി യുവാക്കളുടെ പ്രവാഹം. ഒരു മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്‌തത്‌ കാൽ ലക്ഷത്തിലേറെ പേർ. യുവജന കമീഷന്റെ സന്നദ്ധ സേനയിൽ മണിക്കൂറുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്തത്‌ സിനിമാപ്രവർത്തകരുൾപ്പെടെ  പതിനയ്യായിരം പേരാണ്‌. അവശ്യവസ്‌തുക്കൾ ഉറപ്പുവരുത്തിയും പൂഴ്‌ത്തിവയ്പും അമിത വില ഈടാക്കലും തടഞ്ഞും അടച്ചുപൂട്ടലിന്റെ നാലാംദിനം പിന്നിടുമ്പോൾ കേരളമൊന്നാകെ സർക്കാരിന്‌ ഒപ്പമുണ്ട്‌. ഒപ്പമല്ല, സർക്കാർ മുന്നിൽത്തന്നെയുണ്ട്‌ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്‌ ജനങ്ങൾക്ക്‌ അനുഭവവേദ്യമാക്കാനുമായി.   കോവിഡ്‌ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ മറ്റ്‌ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും പിന്നീട്‌ മാതൃകയാക്കിയതാണ്‌ അനുഭവം. വൈറസിന്റെ സമൂഹവ്യാപനം തടയാനുള്ള അടച്ചുപൂട്ടൽമുതൽ പ്രത്യേക പാക്കേജ്‌ പ്രഖ്യാപനംവരെ ഇതിന്‌ തെളിവാണ്‌. കേരളത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌ തിങ്കളാഴ്‌ചയാണ്‌. പിറ്റേന്നാണ്‌ രാജ്യമാകെ അത്‌ ബാധകമാക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്‌. കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ 20,000 കോടിയുടെ സാമ്പത്തിക പാക്കേജും സൗജന്യ റേഷൻ അടക്കമുള്ള നടപടികളും പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രി പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചത്‌ വ്യാഴാഴ്‌ചയാണ്‌. കൊറോണക്കാലത്ത്‌ ഒരാളെയും പട്ടിണിക്കിടില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതിനുശേഷമാണ്‌ കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകുന്നതടക്കമുള്ള നടപടികളെക്കുറിച്ച്‌ ആലോചിച്ചത്‌. കേരളം സ്വീകരിച്ച നടപടികളിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും സന്തുഷ്ടി പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്‌. കേന്ദ്ര സർക്കാരിനെ വിവരം അപ്പപ്പോൾ അറിയിക്കുന്നതിനുള്ള ഹോട്ട്‌ലൈൻ സംവിധാനവും കേരളത്തിൽ ആരംഭിച്ചു.   Read on deshabhimani.com

Related News