കൊട്ടിഘോഷിച്ച കോൺഗ്രസ്‌ ലയനസമ്മേളനത്തിൽ ചേർന്നത്‌ ആയിരമല്ല; വെറും ആറുപേർ



കൊച്ചി> ആയിരംപേർ ചേരുമെന്ന്‌ കൊട്ടിഘോഷിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌  വി ഡി സതീശന്റെയും നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ലയനസമ്മേളനത്തിൽ കോൺഗ്രസിൽ ചേർന്നത്‌ ആറുനേതാക്കളും അവരുടെ ഏതാനും അനുയായികളുംമാത്രം. ആലുവയിൽനിന്നുള്ള ഒരു എൻസിപി സംസ്ഥാന കമ്മിറ്റി അംഗവും നേരത്തെതന്നെ എൻസിപി വിട്ട രണ്ടുപേരും  ഒരു ആം ആദ്‌മി പാർടി അംഗവും ഉൾപ്പെടെ ആറുപേരെ സ്വീകരിച്ചതായാണ്‌ ലയനശേഷം ഡിസിസി വാർത്താക്കുറിപ്പ്‌ ഇറക്കിയത്‌. മറ്റു പ്രധാന രാഷ്‌ട്രീയ പാർടികളിൽനിന്ന്‌ ആരും ചേർന്നുമില്ല. കെ എം കുഞ്ഞുമോൻ, അലക്‌സാണ്ടർ, അജിത്‌ കടവിൽ, അബ്‌ദുറഹ്‌മാൻ, ജോഫി ജോൺ, നാസിം കാലടി എന്നിവർ കോൺഗ്രസിൽ ചേർന്നതായാണ്‌ വാർത്താക്കുറിപ്പ്‌. എൻസിപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ എം കുഞ്ഞുമോൻമാത്രമാണ്‌ പ്രധാന പാർടിവിട്ട്‌ കോൺഗ്രസിൽ ചേർന്നത്‌. എൻസിപി മുൻ ജില്ലാ സെക്രട്ടറി അജിത്‌ കടവിൽ മൂന്നുവർഷമായി പാർടി പ്രവർത്തനത്തിൽ സജീവമല്ലായിരുന്നുവെന്നും അലക്‌സാണ്ടർ രണ്ടുവർഷംമുമ്പ്‌ മറ്റൊരു പാർടിയിലേക്കു പോയതാണെന്നും എൻസിപി ജില്ലാ പ്രസിഡന്റ്‌ ടി പി അബ്‌ദുൾ അസീസ്‌ പറഞ്ഞു. അബ്‌ദുൾ റഹ്‌മാൻ ഒരുവർഷംമുമ്പ്‌ മാണി സി കാപ്പന്റെ എൻസികെയിൽ ചേർന്നയാളുമാണ്‌. എൻസിപിയിൽനിന്ന്‌ ഒരു പ്രവർത്തകൻപോലും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാസിം കാലടി നിലവിൽ ഒരു പാർടിയിലും അംഗമായിരുന്നില്ല.  ജോഫി ജോൺ  ആം ആദ്‌മി പാർടിയിൽനിന്നാണ്‌ ചേർന്നതെന്നും പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി ജയിച്ച ജനപ്രതിനിധികളും കോൺഗ്രസിൽ ചേരുമെന്ന്‌ അറിയിപ്പുണ്ടായിരുന്നെങ്കിലും കൊച്ചി നഗരസഭയിലെ വിമത കൗൺസിലർമാരുൾപ്പെടെ അറിയപ്പെടുന്ന ആരും വന്നില്ല. Read on deshabhimani.com

Related News