രോഗപ്രതിരോധം കൂടുതൽ തീരമേഖലയിൽ



തിരുവനന്തപുരം സംസ്ഥാനത്ത്‌ കൂടുതൽ കോവിഡ്‌ പ്രതിവസ്‌തു (ആന്റിബോഡി)  തീരമേഖലയിലുള്ളവരിൽ. സംസ്ഥാനത്താകെ 82.60 ശതമാനം പേരിൽ പ്രതിവസ്‌തു കണ്ടെത്തിയപ്പോൾ തീരമേഖലയിൽ ഇത്‌ 87.70 ശതമാനമാണ്‌. ആരോഗ്യവകുപ്പ് ആഗസ്ത്‌, സെപ്‌തംബർ മാസങ്ങളിൽ നടത്തിയ സിറൊ പ്രവലൻസ്‌ സർവേയിലാണ്‌ കണ്ടെത്തൽ. തീരമേഖലയുള്ള ഒമ്പത്‌ ജില്ലയിൽനിന്ന്‌ 200 വീതം സാമ്പിളാണ്‌ പരിശോധിച്ചത്‌. ആലപ്പുഴയിലെ തീരമേഖലയിലാണ്‌ കൂടുതൽ പേരിൽ പ്രതിവസ്‌തു കണ്ടെത്തിയത്‌. കുറവ്‌ എറണാകുളത്ത്‌, 82.10 ശതമാനം. 18ന്‌ മുകളിലുള്ള 1476 പേരിലും 324 കുട്ടികളിലുമാണ്‌ പരിശോധന നടത്തിയത്‌. ഇതിൽ 18 കഴിഞ്ഞ 87.70 ശതമാനം പേരിലും പ്രതിവസ്‌തുവുണ്ട്‌. ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയ 60ന്‌ മുകളിലുള്ളവരിലാണ്‌ മറ്റ്‌ പ്രായക്കാരേക്കാൾ കൂടുതൽ പ്രതിവസ്‌തു. വാക്സിൻ എടുക്കുന്നതിൽ മുൻപന്തിയിലുള്ള സ്‌ത്രീകളിൽ തന്നെയാണ്‌ പ്രതിരോധ ശേഷിയും കൂടുതൽ. 88 ശതമാനം സ്‌ത്രീകളിലും 87.8-0 ശതമാനം പുരുഷന്മാരിലുമാണ്‌ പ്രതിവസ്‌തുവുള്ളത്‌. കോവിഡ്‌ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കൂടുതൽ രോഗികൾ ഉണ്ടായിരുന്നത്‌ തീരമേഖലയിലാണ്‌. ഉയർന്ന ജനസാന്ദ്രതയും അടുത്തിടപഴകിയുള്ള ജീവിതശൈലിയും രോഗം വ്യാപിക്കാൻ ഇടയാക്കിയിരുന്നു. സമൂഹവ്യാപനം ആദ്യം സ്ഥിരീകരിച്ച പൂന്തുറയും പുല്ലുവിളയും തീരമേഖലയാണ്‌. തീരത്ത്‌ രോഗം വന്നുപോയും വാക്സിൻ എടുത്തുമുള്ള സങ്കര പ്രതിരോധശക്തി (ഹൈബ്രിഡ്‌ ഇമ്യൂണിറ്റി) കൂടുതൽ പേരിൽ ഉണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു. വാക്സിൻ എടുത്തവരിൽ എടുക്കാത്തവരേക്കാൾ മൂന്നര ഇരട്ടി പ്രതിവസ്‌തു സാന്നിധ്യം ഉണ്ടെന്നും കണ്ടെത്തി. Read on deshabhimani.com

Related News