അങ്കമാലി നഗരസഭയുടെ സ്വാപ് ഷോപ്പ് തുറന്നു



അങ്കമാലി സ്വച്ഛ്‌ ഭാരത് മിഷന്റെ ഭാഗമായി അങ്കമാലി നഗരസഭയുടെ സ്വാപ് ഷോപ്പ് (ആർആർആർ സെന്റർ) അഞ്ചാംവാർഡിൽ ടിബി നഗർ സെക്കൻഡ്‌ സ്ട്രീറ്റിലുള്ള പകൽവീട്ടിൽ ചെയർമാൻ മാത്യു തോമസ് ഉദ്‌ഘാടനം ചെയ്തു. പുതിയതല്ലെങ്കിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എല്ലാത്തരം വസ്തുക്കളും കൈമാറ്റം ചെയ്ത് ആവശ്യക്കാർക്ക് നൽകുന്നതോടൊപ്പം നഗരം മാലിന്യമുക്തമാക്കുകയെന്നതാണ് സ്വാപ് ഷോപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മുഷിഞ്ഞ തുണികൾ, ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവയൊന്നും സ്വാപ് ഷോപ്പിൽ പ്രദർശിപ്പിക്കുകയില്ല. അലക്കി വൃത്തിയാക്കി തേച്ചുമടക്കിയ വസ്ത്രങ്ങൾ, ഉപയോഗിക്കാൻ കഴിയുന്ന ചെരിപ്പുകൾ, ബാഗ്, റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന   ഗൃഹോപകരണങ്ങൾ തുടങ്ങിയ വസ്തുക്കൾ ശേഖരിച്ച് സ്വാപ് ഷോപ്പിൽ പ്രദർശിപ്പിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകും. പൊതുസമൂഹത്തിൽനിന്ന്‌ മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നതെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ബാസ്റ്റിൻ ഡി പാറക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി, ലില്ലി ജോയി, പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, സന്ദീപ് ശങ്കർ, നഗരസഭാ സെക്രട്ടറി എം എസ് ശ്രീരാഗ്, ഹെൽത്ത് ഇൻസ്പെക്ടർ ഷമ്മി, ഹരിത മിഷൻ കോ–-ഓ-ർഡിനേറ്റർ ശാലിനി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News