രാഹുലും ഡികെയും വന്നില്ല ; 
യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം പാളി



തൃശൂർ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളന  റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്തിയില്ല. പകരം ഉദ്‌ഘാടനത്തിന്‌ യൂത്ത്‌ കോൺഗ്രസുകാർ നിശ്‌ചയിച്ചിരുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും  എത്തിയില്ല. ഒടുവിൽ എത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അവസാനനിമിഷം പിന്മാറി. ഒറ്റ ദിവസത്തെ പ്രതിനിധി സമ്മേളനവും കേവലം ചടങ്ങിൽ ഒതുക്കാനാണ്‌ നീക്കം. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ്‌ പാർടിയെപ്പോലും മറികടന്നാണ്‌ പരിപാടി  സംഘടിപ്പിച്ചത്‌. രാഹുൽ ഗാന്ധിയുടെ  തീയതിപോലും  സംഘാടകർ വാങ്ങിയിരുന്നില്ല. എന്നാൽ രാഹുൽ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും ചിത്രമടങ്ങുന്ന പോസ്‌റ്റർ അടിച്ച്‌ വ്യാപക പണപ്പിരിവ്‌ നടത്തി.  ഷാഫി പറമ്പിലിന്‌ ഒപ്പം നിൽക്കുന്ന ചിലർ ചേർന്ന്‌ സ്വകാര്യ അക്കൗണ്ടിലേക്ക്‌ ഓൺലൈനിലൂടെ പണം വാങ്ങിയതിനെതിരെ യൂത്ത്‌ കോൺഗ്രസിൽത്തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.  യൂണിറ്റ്‌തലത്തിലൂടെ ഉയർന്നുവന്ന നേതാക്കളെ ഒഴിവാക്കി,  ചാനൽ ചർച്ചകളിൽ മാത്രം  സജീവമായ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കാനുള്ള ചരടുവലിക്കാണ്‌ അന്യായ പണപ്പിരിവ്‌ നടത്തുന്നതെന്നും  യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾതന്നെ പറയുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാകില്ല, വിദ്വേഷ രാഷ്‌ട്രീയത്തോട്‌ വിട്ടുവീഴ്‌ചയില്ല’ എന്ന പേരിൽ നടത്താൻ തീരുമാനിച്ചിരുന്ന സാംസ്‌കാരിക സംഗമം ആർഎസ്‌എസിനെ ഭയന്ന്‌ ഒഴിവാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ വന്നതിനെത്തുടർന്ന്‌  സമ്മേളനം കഴിഞ്ഞ്‌ 27ന്‌ വീണ്ടും നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതും നടക്കാനിടയില്ലെന്നാണ്‌ മറുവിഭാഗം പറയുന്നത്‌.  വെള്ളിയാഴ്‌ച റീജണൽ തിയറ്ററിലാണ്‌ പ്രതിനിധി സമ്മേളനം. സമ്മേളനത്തിന്റെ കൃത്യമായ അജൻഡ സഹഭാരവാഹികൾക്കുപോലും അറിയില്ല. ഒരു ദിവസം മാത്രമുള്ള പ്രതിനിധി സമ്മേളനം  ചില പ്രസംഗങ്ങൾ മാത്രമായി  അവസാനിപ്പിക്കാനാണ്‌ നീക്കം. ഭാരവാഹി തെരഞ്ഞെടുപ്പും നടത്തുന്നില്ല. ഇതിനെതിരെയും പ്രതിനിധികളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. Read on deshabhimani.com

Related News