സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി : മുഖ്യമന്ത്രി



തിരുവനന്തപുരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗം നീതി ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത്‌ ഉന്നതരായാലും വിട്ടുവീഴ്‌ചയില്ലാത്ത നടപടിയെടുക്കുമെന്നും കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ ശക്തമായ നടപടികളെടുക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാസംവരണം ഏർപ്പെടുത്തിയ ചുരുക്കം സംസ്ഥാനത്തിലൊന്നാണ്‌ കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയർപേഴ്സൻ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണമേർപ്പെടുത്തിയ ഏക സംസ്ഥാനവുമാണ്. ഗർഭസ്ഥശിശു മരണനിരക്കിൽ രാജ്യത്തെ നിരക്ക് 103 (ഒരു ലക്ഷത്തിൽ) ആണ്. കേരളത്തിൽ 30 മാത്രം. സ്ത്രീകളുടെ ആയുർദൈർഘ്യം രാജ്യത്ത്‌ ശരാശരി 70.7 വർഷമാണ്. സംസ്ഥാനത്ത്‌ 80 വർഷം. 51 ശതമാനം പെൺകുട്ടികൾ മാത്രമാണ്‌ രാജ്യത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. ഇവിടെ 83 ശതമാനം. വനിതാ തൊഴിലാളികളുടെ ദിവസവേതന ശരാശരി കേരളത്തിൽ 406 രൂപയാണ്. രാജ്യശരാശരി 211 മാത്രം.   സംസ്ഥാനത്ത് വനിതാസൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാൻ സർക്കാരിനായി. വനിതാ ശിശുവികസനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ജൻഡർ ബജറ്റിലൂടെ സംസ്ഥാന ബജറ്റിന്റെ 25 ശതമാനം സ്ത്രീകൾക്കായി നീക്കിവയ്ക്കുന്നു. പൊലീസിലും സർക്കാർ വകുപ്പുകളിലും വനിതകൾക്ക്‌ പ്രത്യേക പ്രാധാന്യം നൽകി. സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പൊലീസും പിങ്ക് പട്രോളും യാഥാർഥ്യമാക്കി. ലൈംഗിക കുറ്റകൃത്യങ്ങൾക്കായി രാജ്യത്ത്‌ ആദ്യമായി പ്രത്യേക രജിസ്ട്രിയുണ്ടാക്കി.  ഗാർഹികജോലി ചെയ്യുന്ന വനിതകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിക്ക്‌ രൂപംനൽകി–- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News