പോസ്റ്റ്‌മോര്‍ട്ടത്തിനുമുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി



തിരുവനന്തപുരം പോസ്റ്റ്‌മോർട്ടത്തിനുമുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്‌ മൃതദേഹം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി. മരിച്ചയാൾക്ക്‌ കോവിഡാണെന്ന് സംശയം തോന്നിയാൽ റാപ്പിഡ് ആന്റിജൻ പരിശോധന മതിയാകും. പോസ്റ്റ്‌മോർട്ടം സമയത്ത് ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റ്, എൻ–- 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ തുടരണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിക്കുക തുടങ്ങിയവ ചെയ്യുന്നവർ കൈയുറ, ഫെയ്‌സ് ഷീൽഡ്/ കണ്ണട, മെഡിക്കൽ മാസ്‌ക് എന്നിവ ധരിക്കണം. 60 വയസ്സിനു മുകളിലുള്ളവരും ഹൃദ്‌രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും ഇത്തരം മൃതദേഹവുമായി നേരിട്ട് ഇടപെടരുത്. കോവിഡ് വാക്‌സിന്റെ മുഴുവൻ ഡോസും എടുത്തവർ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ്‌ ഉത്തമം. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കോവിഡ്‌ ബാധിച്ചവർ വീട്ടിൽവച്ച്‌ മരിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. Read on deshabhimani.com

Related News