തമ്മനം–പുല്ലേപ്പടി റോഡ്‌ 
ഡിപിആറിന്‌ അംഗീകാരം



കൊച്ചി ഭൂമി ഏറ്റെടുക്കലിന്‌ 150 കോടി രൂപ കൂടുതലായി ഉൾപ്പെടുത്തി തമ്മനം–-പുല്ലേപ്പടി റോഡിന്റെ വിശദപദ്ധതി (ഡിപിആർ) അംഗീകരിച്ചു. മേയർ എം അനിൽകുമാറിന്റെ ചേംബറിൽ കലക്‌ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ തീരുമാനം. റോഡിനായി 2.1952 ഹെക്ടർ ഭൂമി ഇതിനോടകം നഗരസഭ ഏറ്റെടുത്തു. 3.6734 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കണം. ഫ്രീ സറണ്ടറായി 164.73 ആർ ഭൂമി ലഭിച്ചു. സർക്കാർ കൊടുത്ത 25 കോടി രൂപ ഉപയോഗപ്പെടുത്തി 54.79 ആർ ഭൂമി ഏറ്റെടുത്തിട്ടുമുണ്ട്. നേരത്തേ ഭൂമി ഏറ്റെടുക്കാൻ 93.89 കോടി രൂപയാണ് ഡിപിആറിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, മാർക്കറ്റ് വാല്യുപ്രകാരം 250 കോടി രൂപ ഡിപിആറിൽ പറയുന്ന 169.88 കോടി രൂപയോടൊപ്പം 150 കോടി രൂപ കൂടുതലായി ഭൂമിയേറ്റെടുക്കലിന്‌ ഉൾക്കൊള്ളിക്കണമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. തുടർന്ന്‌ ഡിപിആറിൽ ചെലവ്‌ 320 കോടി രൂപയായി ഉയർത്താനും യോഗം തീരുമാനിച്ചു. ഇക്കാര്യം സർക്കാരിനെയും കിഫ്ബിയെയും അറിയിക്കും. കിഫ്ബി ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങൾ തുടങ്ങാനും തീരുമാനിച്ചു. തമ്മനം–-പുല്ലേപ്പടി റോഡിന്റെ ഉടമസ്ഥത പൊതുമരാമത്തുവകുപ്പിന്‌ കൈമാറുന്ന പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലാണെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. ഈ കൗൺസിൽ വന്നശേഷം അതിനുള്ള ശ്രമങ്ങൾ അതിവേഗം നടന്നുവരികയാണ്‌. സാങ്കേതികമായി ഒരുപാട് നൂലാമാലകളുള്ള കാര്യമാണിത്. തുടർച്ചയായ പരിശോധനയും മോണിറ്ററിങ്ങും നടത്തി. ഇപ്പോൾ ഭൂമി കൈമാറുന്ന പ്രവർത്തനങ്ങൾ ഏറ്റവും അവസാനഘട്ടത്തിലാണെന്നും മേയർ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ നോട്ടിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന്‌ കലക്ടർ യോഗത്തെ അറിയിച്ചു. ടി ജെ വിനോദ് എംഎൽഎ, സബ് കലക്ടർ വിഷ്ണുരാജ്, നഗരസഭാ സെക്രട്ടറി, ഉദ്യോഗസ്ഥർ, കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌, പൊതുമരാമത്ത്‌, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News