മിൽമ പാൽ ഉൽപ്പാദനം റെക്കോഡിൽ



കൊച്ചി മിൽമ എറണാകുളം മേഖലയിൽ പാൽ ഉൽപ്പാദനത്തിൽ റെക്കോഡ്‌ വർധന. കോവിഡിനുമുമ്പുള്ളതിലും 25 ശതമാനം വർധനയാണ്‌ പാൽ ഉൽപ്പാദനത്തിൽ മേഖല കൈവരിച്ചത്‌. സർക്കാർ സബ്‌സിഡി പ്രയോജനപ്പെടുത്തി പ്രവാസികൾ കന്നുകാലിവളർത്തലിലേക്ക്‌ കൂടുതൽ ആകൃഷ്‌ടരായതാണ്‌ ഉൽപ്പാദനം കൂടാൻ കാരണം. കോവിഡിനുമുമ്പ്‌ എല്ലാദിവസവും 3.5 ലക്ഷം ലിറ്റർ പാൽ ഉൽപ്പാദിപ്പിച്ചിടത്ത്‌ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഉൽപ്പാദനം നാല്‌ ലക്ഷം ലിറ്ററായി. നിന്ത്രണങ്ങളിൽപ്പെട്ട്‌ ചായക്കടകളും ഹോട്ടലുകളും പ്രവർത്തനരഹിതമായതും കാറ്ററിങ്‌ ജോലികൾ നടക്കാത്തതും പാൽ സംഭരണത്തെ ബാധിച്ചിരുന്നു. കോവിഡ്‌ കാരണം തൊഴിൽ നഷ്‌ടമായി വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ പ്രവാസികളിൽ ഭൂരിപക്ഷവും കന്നുകാലിവളർത്തലിൽ ആകൃഷ്‌ടരായതും  ഉൽപ്പാദനം കൂടുന്നതിന്‌ കാരണമായെന്ന്‌ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്‌ പറഞ്ഞു. ഇതിനായി മിൽമ സബ്‌സിഡിനിരക്കിൽ വായ്‌പ നൽകി. കാർഷികമേഖലയിൽ മറ്റ്‌ ഉൽപ്പന്നങ്ങൾക്ക്‌ വിലത്തകർച്ച ഉണ്ടായപ്പോഴും പാലിന്‌ വിലത്തകർച്ച ഉണ്ടാകാത്തതും കർഷകരെ ആകർഷിച്ചു. എറണാകുളം മേഖലയിലെ 930 പാൽ സഹകരണ സംഘങ്ങളിലായി 46,000 ക്ഷീരകർഷകരാണുള്ളത്‌. ഇതിൽ മൂവായിരത്തോളം കർഷകർ കോവിഡ്‌ കാലത്ത്‌ പുതുതായി എത്തിയവരാണ്‌.  നാല്‌ ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്ന മിൽമ ഒരുദിവസം വിറ്റഴിക്കുന്നത്‌ 3.75 ലക്ഷം ലിറ്ററിനും 3.80 ലിറ്ററിനുമിടയിലാണ്‌. ബാക്കിവരുന്ന പാൽ മറ്റ്‌ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം കാലടിയിലോ സംസ്ഥാനത്തിന്‌ പുറത്തോ പാൽ എത്തിച്ച്‌ പാൽപ്പൊടി ഉൽപ്പാദിപ്പിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ലിറ്ററിന്‌ 15 രൂപ നഷ്‌ടം വരുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.   Read on deshabhimani.com

Related News