കേരളത്തെ വിഭജിക്കാൻ അനുവദിക്കില്ല: എ എ റഹിം



തിരുവനന്തപുരം കേരളത്തിന്റെ സാമുദായിക സൗഹാർദ ഘടനയെ തകർക്കുന്നതിനായി ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ ഹലാൽ വിവാദവുമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം. ലൗ ജിഹാദിനും നർകോട്ടിക്‌ ജിഹാദിനും പുറകെ ആർഎസ്‌എസ്‌ പ്രചാരണം ഹലാൽ വിവാദത്തിലെത്തി. ഇതിന്‌ നേതൃത്വം കൊടുക്കുന്നത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനാണ്. ഈ വിഷയത്തിൽ കോൺഗ്രസ്‌ നേതൃത്വവും വി ഡി സതീശനും മൗനം പാലിക്കുകയാണെന്നും എ എ റഹിം പറഞ്ഞു. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ തലസ്ഥാനത്ത്‌ നടത്തിയ ഫുഡ്‌ സ്‌ട്രീറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഹിം. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ വി അനൂപ്‌ അധ്യക്ഷനായി. പാളയം ചന്തയ്ക്കു മുന്നിൽ നടന്ന ഫുഡ്‌ സ്‌ട്രീറ്റിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ മാംസവിഭവങ്ങളും വേദിയിൽ ഉണ്ടാക്കിയ പൊറോട്ടയും ബിരിയാണിയും വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ ഫുഡ്‌ സ്‌ട്രീറ്റ്‌ സംഘടിപ്പിച്ചു. കവി മുരുകൻ കാട്ടാക്കട, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌, പ്രസിഡന്റ് വി വിനീത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എസ്‌ ബാലമുരളി, എ എൻ അൻസാരി, പ്രതിൻ സാജ്‌ കൃഷ്‌ണ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ്‌ ഷാഹിൻ, വി എസ്‌ ശ്യാമ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യ മോഹൻ, ആർ ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News