പണ്ഡിറ്റ് രാജീവ് താരാനാഥിന് 
സ്വരലയ പുരസ്കാരം സമ്മാനിച്ചു



കൊച്ചി സംഗീതജ്ഞൻ പണ്ഡിറ്റ് രാജീവ് താരാനാഥിന് സ്വരലയ പുരസ്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ഒരുലക്ഷം രൂപയും കലാകാരൻ കെ പി സോമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ്‌ പുരസ്കാരം. പാടിവട്ടം അസീസി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. ചടങ്ങ്‌ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്തു. പണ്ഡിറ്റ് രാജീവ് താരാനാഥിനെ കെ വി തോമസ് പൊന്നാട അണിയിച്ചു. മേയർ എം അനിൽകുമാർ പ്രശസ്തിപത്രം കൈമാറി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ സ്വരലയക്കുവേണ്ടി മന്ത്രി പി രാജീവ്‌ ആദരിച്ചു. പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ "സംഗീതം, സരോദ്‌, പിന്നെ ഞാൻ' എന്ന പുസ്തകം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, ജി രാജ്‌മോഹൻ എന്നിവർചേർന്ന്‌ പ്രകാശിപ്പിച്ചു. കന്നട ഭാഷയിൽ രചിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ പയ്യന്നൂർ കുഞ്ഞിരാമനാണ്‌ തയ്യാറാക്കിയത്‌. ചിന്ത പബ്ലിഷേഴ്സാണ്‌ പ്രസാദകർ. രാജീവ് താരാനാഥിന്റെ ശിഷ്യരെയും ആദരിച്ചു. എം എ ബേബി, സ്വരലയ കൊച്ചി ചാപ്റ്റർ സെക്രട്ടറി മനു രാജഗോപാൽ, ജോർജ് എസ് പോൾ, ജി രാജ്‌മോഹൻ, അബ്ദുൽ അസീസ്, ഡോ. ലത നായർ, സനു സത്യൻ എന്നിവർ സംസാരിച്ചു. പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ നേതൃത്വത്തിൽ സരോദ്‌ കച്ചേരിയും അരങ്ങേറി. കേരളത്തിൽ സൗഹൃദ സംഗമത്തിലല്ലാതെ പൊതുവേദിയിൽ ആദ്യമായാണ് അദ്ദേഹം കച്ചേരി അവതരിപ്പിക്കുന്നത്. Read on deshabhimani.com

Related News