ജമാഅത്ത്‌ ആശയവുമായി ലീഗ് നേതാവ്; ചന്ദ്രികയിലെ ലേഖനം വിവാദത്തിൽ



കോഴിക്കോട് > തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിവിഷയത്തിൽ ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലിംലീഗ് നേതാവ്. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിലാണ് എതിർപ്പ്. തുർക്കിയിലെ ഇസ്ലാമികവാദി ഭരണത്തെ പ്രകീർത്തിച്ചുള്ള ലേഖനം ജമാഅത്തെ ഇസ്ലാമിയുടെ ആശയധാര മുന്നോട്ടുവയ്‌‌ക്കുന്നതാണെന്ന വിമർശനമുണ്ട്. ഒരു വിഭാഗം ലീഗ് നേതാക്കൾക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിലെ ചിലരും സാദിഖലി പ്രകടിപ്പിച്ച ചിന്തയോട് വിയോജിക്കുന്നു. ഹാഗിയ സോഫിയ മ്യൂസിയമാക്കിയതിൽ മാർപ്പാപ്പയടക്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത് സൂചിപ്പിച്ച്  ലേഖനത്തിലേത് ലീഗ് നിലപാടാണോയെന്ന ചോദ്യം ക്രൈസ്തവ സഭകളും ഉയർത്തുന്നുണ്ട്.  വെള്ളിയാഴ്ചത്തെ ചന്ദ്രികയിലായിരുന്നു സാദിഖലിയുടെ വിവാദ ലേഖനം. ‘അയാ സോഫിയയിലെ ജുമു അ’ എന്ന ലേഖനം മതമൗലികവാദിയായ തുർക്കി പ്രധാനമന്ത്രി എർദോഗനെ പിന്തുണയ്‌ക്കുന്നതായിരുന്നു. വ്യാജ സെക്കുലറുകൾ എന്നാണ് എതിർക്കുന്നവരെ ലീഗ് നേതാവ് വിശേഷിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി നിരന്തരം പ്രചരിപ്പിക്കുന്ന യൂറോപ്പിലെ ക്രൈസ്തവസഭകൾക്കെതിരായ വാദങ്ങളാണ് ലേഖനത്തിലുടനീളം. ഞങ്ങൾ ഇനിമേൽ സെക്കുലറല്ല എന്ന് ലോകത്തോട് വിളിച്ചുപറയുന്നതാണ് ഹാഗിയ സോഫിയ പള്ളിയാക്കിയ ഇസ്ലാമിക ഭരണ തീരുമാനമെന്ന് നൊബേൽ സമ്മാന ജേതാവ് ഓർഹാൻ പാമുക്ക് അഭിപ്രായപ്പെട്ടിരുന്നു. വിവിധ ക്രൈസ്തവസഭാ നേതൃത്വങ്ങളും ഇതിൽ പ്രതിഷേധിച്ചിരുന്നു. യുനസ്കോ പൈതൃക പട്ടികയിലുള്ള മന്ദിരം പള്ളിയാക്കിയതിനെ തുർക്കി കമ്യൂണിസ്റ്റ് പാർടിയും ലോകമാകെയുള്ള മതനിരപേക്ഷ സമൂഹവും അപലപിച്ചതാണ്. എന്നാൽ ലീഗ് നേതാവ് പാർടി മുഖപത്രത്തിലൂടെ പള്ളിയാക്കിയതിൽ ആഹ്ലാദിക്കുക മാത്രമല്ല മതനിരപേക്ഷവാദികളെയും ക്രൈസ്തവ സമൂഹത്തെയും അധിക്ഷേപിക്കുകയാണ്. ജമാഅത്ത്‌ പിൻപറ്റുന്ന ആശയമാണിതെന്നും ലീഗവകാശപ്പെടുന്ന മതനിരപേക്ഷതക്ക് കളങ്കം ചാർത്തുന്ന നയമാണിതെന്നും ചില ലീഗ് നേതാക്കൾ സൂചിപ്പിച്ചു. Read on deshabhimani.com

Related News