ഭാവിയിലെ വൈറസ് വെല്ലുവിളി നേരിടാന്‍ കേരളം സജ്ജം: മന്ത്രി വീണാ ജോര്‍ജ്



കൊച്ചി ഭാവിയിൽ വന്നേക്കാവുന്ന വൈറൽ രോഗങ്ങളെ നേരിടാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ലെ മെറിഡിയനിൽ നടന്ന ഹെൽത്ത്ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് വന്നപ്പോൾ ലോകാരോഗ്യസംഘടനാ മാനദണ്ഡം വരുന്നതിനുമുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. നിപാ രോ​ഗബാധ കൈകാര്യം ചെയ്ത പരിചയമാണ് ഇതിന്‌ സഹായമായത്. രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ് നയം ആവിഷ്‌കരിച്ചതും കേരളമാണ്‌. നമ്മൾ എന്തു ചെയ്യുന്നു എന്നത്‌ രാജ്യം ഉറ്റുനോക്കുന്നതിനാൽ, വലിയ ഉത്തരവാദിത്വമുള്ളവരാണ്‌ നമ്മളെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രാഗഡെ അധ്യക്ഷനായി. സംസ്ഥാന ഡിജിറ്റൽ ഹെൽത്ത് മിഷൻ ഡയറക്ടർ മുഹമ്മദ് വൈ സഫീറുള്ള, കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ. ബിനു കുന്നത്ത്, ഇന്ത്യ ആക്സിലറേറ്റർ മാനേജിങ് പാർട്ണർ ദീപക് നാഗ്പാൽ, സ്റ്റാർട്ടപ്‌ മിഷൻ ഡയറക്ടർ ജോൺ എം തോമസ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യമേഖലയിലെ മുപ്പത്തഞ്ചോളം വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുത്തു. കേരള സ്റ്റാർട്ടപ് മിഷൻ, ആരോഗ്യവകുപ്പ്, കാരിത്താസ് ആശുപത്രി എന്നിവ ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ആരോഗ്യ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടന്നു. മുപ്പതോളം സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. Read on deshabhimani.com

Related News