വെടിയുണ്ട കൈവശം 
വയ്‌ക്കുന്നത്‌ കുറ്റകൃത്യമല്ല: ഹെെക്കോടതി



കൊച്ചി ലൈസൻസുള്ളയാളുടെ ബാഗിൽ തോക്കില്ലാതെ വെടിയുണ്ടമാത്രം കൈവശം വയ്‌ക്കുന്നത്‌ കുറ്റകൃത്യമായി കാണാനാകില്ലെന്ന്‌ ഹൈക്കോടതി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ യാത്രക്കാരന്റെ ബാഗിൽനിന്ന്‌ വെടിയുണ്ട കണ്ടെടുത്ത കേസ്‌ റദ്ദാക്കിയാണ്‌ ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. 1956ലെ ആയുധനിയമമനുസരിച്ച്‌ ആയുധം കൈവശം വയ്‌ക്കുന്നത്‌ ബോധപൂർവമാകണമെന്നും ഹർജിക്കാരന്റെ കൈയിൽനിന്ന്‌ വെടിയുണ്ട കിട്ടിയെങ്കിലും ആയുധം കണ്ടെടുക്കാത്തതിനാൽ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്‌ട്രയിലെ  വ്യവസായിയായ ശന്തനു റാവു മഹാരാഷ്‌ട്രയിലേക്ക്‌ പോകാൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയ്‌ക്കിടെയാണ്‌ ബാഗിൽനിന്ന്‌ വെടിയുണ്ട കണ്ടെടുത്തത്‌. ബാഗിൽ വെടിയുണ്ട ഉണ്ടെന്ന്‌ അറിഞ്ഞിരുന്നില്ലെന്ന്‌ ഹർജിക്കാരൻ പറഞ്ഞെങ്കിലും ആയുധനിയമപ്രകാരം  മട്ടന്നൂർ പൊലീസ്‌ കേസ്‌ എടുത്തു.  മട്ടന്നൂർ കോടതിയിൽ അന്തിമറിപ്പോർട്ടും സമർപ്പിച്ചു. ഈ കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേരിൽ ക്രമിനിൽ കേസുകളൊന്നുമില്ലെന്നും മഹാരാഷ്‌ട്ര സംസ്ഥാനത്തെ ആയുധലൈസൻസുണ്ടെന്നും വ്യക്തമാക്കി. ഇതും പരിഗണിച്ചാണ്‌ കേസ്‌ റദ്ദാക്കിയത്‌. Read on deshabhimani.com

Related News