നഗരനയം ഉടൻ ; കരട്‌ 6 മാസത്തിനകം , അർബൻ കമീഷനെ ഉടൻ നിയമിക്കും : എം ബി രാജേഷ്‌



തിരുവനന്തപുരം നഗരവൽക്കരണ പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി സമീപിക്കാൻ സമഗ്ര നഗരനയം രൂപീകരിക്കുന്നതിന്‌ അർബൻ കമീഷനെ ഉടൻ നിയമിക്കുമെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നഗരനയത്തിന്റെ കരട്‌ ആറു മാസത്തിനകം തയ്യാറാക്കും. കേരള മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്‌റ്റാഫ്‌ യൂണിയൻ (കെഎംസിഎസ്‌യു) 54–-ാം സംസ്ഥാന സമ്മേളനത്തിൽ ‘നവകേരളവും നവനഗരസഭകളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നേകാൽ നൂറ്റാണ്ടിനിടെ നഗരവിസ്‌തൃതി 10ൽനിന്ന്‌ 50 ശതമാനമായി. 2035 ഓടെ 93 ശതമാനം ജനങ്ങളും നഗരവാസികളാകും. ഗ്രാമങ്ങൾ നാമമാത്രമാകും. തദ്ദേശസ്ഥാപനങ്ങളുടെ ശാക്‌തീകരണത്തിന്‌ തനതുവരുമാനം വർധിപ്പിക്കുമ്പോൾ വസ്‌തുതാവിരുദ്ധ പ്രചാരണത്തിനാണ്‌ ഭൂരിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌. കെട്ടിടനികുതി വർധിപ്പിച്ചപ്പോഴും പെർമിറ്റ്‌ ഫീസ്‌ നിരക്ക്‌ പരിഷ്‌കരിച്ചപ്പോഴും ഇത്തരം പ്രചാരണമുണ്ടായി. രാജ്യത്തെ ഏറ്റവും കുറവ്‌ പെർമിറ്റ്‌ ഫീസാണ്‌ കേരളത്തിലുള്ളത്‌. അപേക്ഷിച്ചാൽ അപ്പോൾത്തന്നെ പെർമിറ്റ്‌ ലഭ്യമാക്കുന്നു. പെർമിറ്റ്‌ വൈകിപ്പിച്ചാൽ ഗുണംകിട്ടുന്ന വിഭാഗം ഇതിനെതിരെ തിരിഞ്ഞു. അതിവേഗം സേവനങ്ങൾക്കുള്ള ഓൺലൈൻ സംവിധാനങ്ങൾ അട്ടിമറിച്ചാൽ സർക്കാർ നോക്കിയിരിക്കില്ല. നഗരസഭകളിൽ ഓൺലൈൻ സേവനങ്ങൾക്കുള്ള ‘കെ–- സ്‌മാർട്ട്‌’ കേരളപ്പിറവി ദിനത്തിൽ യാഥാർഥ്യമാക്കുമെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. Read on deshabhimani.com

Related News