ബാപ്പയുടെ ഡോക്ടർ ഞങ്ങടെ ചങ്ക്‌

ഇടപ്പള്ളിയിലെ പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് താൻ ചികിത്സിക്കുന്ന അബ്‌ദുൾഖാദറിന്റെ വീട്ടിലെത്തി സുഖവിവരം അന്വേഷിക്കുന്നു


തൃക്കാക്കര ‘ഡോക്ടറെ കണ്ട്‌ സംസാരിച്ചാൽതന്നെ ബാപ്പയുടെ അസുഖം പാതി മാറും.’ ബാപ്പ അബ്ദുൾഖാദറിനെ പതിവായി ആശുപത്രിയിൽ കൊണ്ടുപോയി ഡോ. ജോ ജോസഫിനെ കാണിക്കുന്ന മകൻ പടിഞ്ഞാറെ പട്ടംചേരി  ഹാരിസിന്‌ അത്രയ്‌ക്ക്‌ വിശ്വാസമാണ്‌ അദ്ദേഹത്തെ. ഇടപ്പള്ളിയിൽ പര്യടനത്തിന്‌ എത്തിയപ്പോഴാണ്‌ ബാപ്പ വീട്ടിൽ കാത്തിരിക്കയാണെന്ന വിവരം ഹാരിസ്‌ ഡോക്ടറോട്‌ പറഞ്ഞത്‌. വീട്ടിലെത്തിയപ്പോൾ ഡോക്ടറെ കെട്ടിപ്പിടിച്ചാണ് അബ്ദുൾ ഖാദർ സ്വീകരിച്ചത്‌. ‘ഹജ്ജിനുപോകുംമുമ്പും എന്നെ കാണാൻ വന്നിരുന്നു. ധൈര്യമായി പോകാനും എനിക്കായി പ്രാർഥിക്കാനും പറഞ്ഞിരുന്നുവെന്ന്‌ ഡോ. ജോ ഓർമിച്ചു. എന്റെ പ്രാർഥനയുടെ അനുഗ്രഹം ഡോക്ടർക്ക്‌  ഒപ്പമുണ്ടാകും. അബ്ദുൾഖാദർ പറഞ്ഞു. എന്തു പ്രയാസമുണ്ടായാലും വിളിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്‌. അതാണ്‌ എന്റെ ധൈര്യം–- അബ്ദുൾ ഖാദറിന്റെ വാക്കുകളിൽ ആത്മവിശ്വാസം. അടുത്തപ്രവശ്യം വരുമ്പോൾ കൂടുതൽ ഉഷാറാകണമെന്ന്‌ പറഞ്ഞാണ്‌ ഡോക്ടർ യാത്രചോദിച്ചത്‌. ഏഴുവർഷമായി ചികിത്സിക്കുന്ന കർത്താന്റെ പറമ്പിൽ അബ്ബാസിനെയും ഡോ. ജോ ജോസഫ്‌ വീട്ടിലെത്തി കണ്ടു. കൈകൂപ്പി തലയിൽ കൈവച്ച്‌ അനുഗ്രഹിച്ച അബ്ബാസിന്റെ നിറകണ്ണുകൾ വാചാലം. സംസാരശേഷിയില്ലാത്ത അബ്ബാസിനായി മകൻ ഫസലു അരോഗ്യകാര്യങ്ങൾ പറഞ്ഞു. ഇതിനിടെയാണ്‌ ഡോക്ടർക്ക്‌ വോട്ട്‌ ചെയ്യാൻമാത്രമായി ഗൾഫിൽനിന്ന്‌ മടങ്ങിവന്ന പട്ടാണിപറമ്പിൽ അഷറഫ്‌ പരിചയപ്പെടാനെത്തിയത്‌. Read on deshabhimani.com

Related News