എകെഎസ്‌ സമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും ; സംസ്ഥാന പ്രതിനിധിസമ്മേളനം നാളെ



അടിമാലി ആദിവാസി ക്ഷേമസമിതി (എകെഎസ്‌) അഞ്ചാം സംസ്ഥാന സമ്മേളനത്തിന്‌ അടിമാലിയിൽ  ബുധൻ വൈകിട്ട്‌ പതാക ഉയരും.  വ്യാഴാഴ്‌ച എ സുന്ദരം നഗറിൽ(പഞ്ചായത്ത്‌ ടൗൺഹാൾ)  പ്രതിനിധി സമ്മേളനം  മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 27നാണ്‌ പ്രകടനവും പൊതുസമ്മേളനവും.  വിവിധ ഗോത്ര കലകളും അരങ്ങേറും. എകെഎസ്‌ സംസ്ഥാന രക്ഷാധികാരി എ കെ ബാലൻ, സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ, സെക്രട്ടറി വിദ്യാധരൻ കാണി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, എം എം മണി എംഎൽഎ, അഡ്വ. എ രാജ എംഎൽഎ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ബുധനാഴ്‌ച കോവിൽക്കടവ് എ സുന്ദരത്തിന്റെ ബലികുടീരത്തിൽനിന്ന്‌ ആരംഭിക്കുന്ന പതാകജാഥ ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യും. വെള്ളപ്പാറ കൊലുമ്പൻ സ്മാരകത്തിൽ നിന്നും ആരംഭിക്കുന്ന  കൊടിമരജാഥ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൃഷ്ണൻ ഒക്ലാവ് ഫ്ലാഗ് ഓഫ് ചെയ്യും. കൊരങ്ങാട്ടി സി കെ ഗൗരിയുടെ കുടീരത്തിൽനിന്നുള്ള ദീപശിഖ ജാഥ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലെ  37 ആദിവാസി വിഭാഗങ്ങളിൽനിന്നായി നാനൂറോളം പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കും. ആദിവാസികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് അവർക്കുള്ള പദ്ധതികൾക്ക്  എൽഡിഎഫ്‌ സർക്കാർ രൂപം നൽകുന്നതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. വിദ്യാധരൻ കാണി, സ്വാഗതസംഘം ഭാരവാഹികളായ കെ വി ശശി, ടി കെ ഷാജി, ചാണ്ടി പി അലക്‌സാണ്ടർ, കെ എ ബാബു, എം ആർ ദീപു, സി രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News