കളമശേരി നഗരസഭാ ബജറ്റ് ; മാലിന്യനിർമാർജനത്തിന് 
പുതിയ പദ്ധതികളില്ല‍



കളമശേരി നിരവധി വികസനസാധ്യതകളുള്ള കളമശേരി നഗരസഭ പ്രധാന ആവശ്യങ്ങൾക്കൊന്നും പരിഗണന നൽകാതെ 2023–-2024 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 129.84 കോടി രൂപ വരവും 123.08 കോടി രൂപ ചെലവും 6.75 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് എസ്റ്റിമേറ്റാണ് അവതരിപ്പിച്ചത്.കഴിഞ്ഞവർഷം റോഡരികിൽ പ്രഭാതകൃത്യം നിർവഹിക്കുന്നതിനിടെ ലോറിഡ്രൈവർ മണ്ണിടിഞ്ഞുവീണ് മരിച്ച സംഭവമുണ്ടായിരുന്നു. പൊതുശൗചാലയം നഗരസഭാ പരിധിയിലെങ്ങുമില്ലാത്ത സാഹചര്യത്തിൽ വിഷയത്തിൽ ബജറ്റ് കണ്ണടച്ചിരിക്കുകയാണ്. വാർഡുകളുടെ തനതായ വികസനത്തിന് നീക്കിയിരിപ്പില്ലാത്ത ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂരഹിത ഭവനരഹിതരുടെ പാർപ്പിട പദ്ധതിക്കായി നിരവധി സമരങ്ങൾ നഗരസഭയിൽ നടന്നിരുന്നു. എന്നാൽ, പദ്ധതി നടപ്പാക്കാൻ യുഡിഎഫ് ഒരു താൽപ്പര്യവും ഇതുവരെ കാണിച്ചിട്ടില്ല. വർഷങ്ങളായി ആചാരംപോലെ ബജറ്റിൽ നീക്കിവയ്ക്കുന്ന ഏഴുകോടിയിൽനിന്ന് ഒരു വർധനയും വരുത്തിയിട്ടില്ലെന്നത് പദ്ധതി ഈ വർഷവും നടപ്പാക്കില്ലെന്ന് വ്യക്തമാക്കുന്നു. നഗരസഭയുടെ നിഷ്‌ക്രിയ ആസ്തിയായി മാറിയ ഇൻഡോർ സ്റ്റേഡിയം, മെഡിക്കൽ കോളേജിനുസമീപത്തെ ബസ് ടെർമിനൽ എന്നിവ പ്രവർത്തനക്ഷമമാക്കുന്ന സൂചനകളും ബജറ്റിലില്ല. പൊതു ഇടങ്ങൾ വരുമാന സ്രോതസ്സാക്കാനും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും നടപടികളില്ല. സമീപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വേസ്റ്റ് മാനേജ്മെന്റില്‍ ഏറ്റവും മോശം നഗരസഭയാണ് കളമശേരി. ബ്രഹ്മപുരത്തെ അഗ്നിബാധയുടെ സാഹചര്യത്തിൽ കൃത്യമായ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ച കളമശേരിക്കാരെ ബജറ്റ് നിരാശരാക്കുന്നു.നഗരസഭയുടെ ബാധ്യതകളെക്കുറിച്ചും ബജറ്റിലൊന്നും പറയുന്നില്ല. കോൺട്രാക്ടർമാർക്കായി നീക്കിവച്ച 25 കോടി ഏത്‌ ഫണ്ടിൽനിന്ന് ചെലവഴിക്കുമെന്നും ബജറ്റിലില്ല. തീർത്തും അപൂർണമായ ബജറ്റെന്ന നിലയിൽ, ചർച്ചാവേളയിൽ ഭരണകക്ഷിയെക്കാൾ അംഗബലമുള്ള പ്രതിപക്ഷം ശനിയാഴ്ച സഭയിൽ സ്വീകരിക്കുന്ന നിലപാട് ഏറെ പ്രധാനമാണ്. Read on deshabhimani.com

Related News