അരിക്കൊമ്പൻ : ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കും : മന്ത്രി ശശീന്ദ്രൻ



കോട്ടയം ചിന്നക്കനാൽ മേഖലയിലെ കാട്ടാന  പ്രശ്നത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മുൻകരുതൽ സംവിധാനം ഇരട്ടിയാക്കുമെന്നും വനം–-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ദൗത്യം 29 വരെ തടഞ്ഞ ഹൈക്കോടതിയെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും  അനുകൂല വിധി നേടാനാകുമെന്ന്‌ കരുതുന്നതായും മന്ത്രി പറഞ്ഞു.  ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിനും വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജനങ്ങളുടെ പ്രയാസം കോടതിക്ക്‌ അവഗണിക്കാനാവില്ല. ഈ മേഖലയിൽ കാട്ടാനശല്യം മൂലമുണ്ടായ ജീവഹാനി, വീടിനും കൃഷിക്കും മറ്റുമുണ്ടായ നാശം തുടങ്ങിയവ തെളിവു സഹിതം കോടതിയെ ധരിപ്പിക്കും. ഹൈക്കോടതി നിർദ്ദേശം പാലിക്കാൻ സർക്കാരും ജനങ്ങളും ബാധ്യസ്ഥരാണ്‌. പ്രശ്‌ന പരിഹാരത്തിന്‌ നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ജനങ്ങൾക്ക്‌ ഒപ്പം നിന്ന്‌ വേണ്ടത്‌ ചെയ്യാനാണ്‌ അദ്ദേഹം നിർദ്ദേശിച്ചത്‌. വനവും വന്യജീവികളും സംരക്ഷിക്കപ്പെടണം. പക്ഷെ സ്വയരക്ഷയ്‌ക്ക്‌ എല്ലാവർക്കും അവകാശമുണ്ട്‌.   രണ്ട്‌ കുങ്കിയാനകൾ കൂടി ശനിയാഴ്‌ച എത്തും. കാട്ടാന  നിരീക്ഷണവലയത്തിൽ തന്നെയായിരിക്കും. നീക്കങ്ങൾ ശ്രദ്ധിക്കും. മയക്കുവെടി വയ്‌ക്കുന്നത്‌ മാത്രമേ ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളൂ. മയക്കുവെടി വയ്‌ക്കാതെ ആനയെ പിടിയ്‌ക്കാനാവില്ല. പിടികൂടുന്ന ആനകളെ കൊല്ലാതെ സംരക്ഷിക്കണം. മുമ്പ്‌ പിടികൂടിയ ‘ധോണി’  സുഖമായി കഴിയുകയാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News